ട്രംപിന്റെ കുതന്ത്രത്തിൽ വീഴാതെ ഗൾഫ് രാജ്യങ്ങൾ
print edition റൂബിയോയുടെ തന്ത്രത്തിൽ വീണ് ട്രംപ് ; വാൻസിന് അതൃപ്‌തി

ജെ ഡി വാൻസും മാർക്കോ റൂബിയോയും ട്രംപിനൊപ്പം
വാഷിങ്‌ടൺ
ഇറാനെതിരെ ഇസ്രയേലുമായി ചേർന്ന് യുഎസ് നടത്തുന്ന യുദ്ധത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സംഘത്തില്‍ കടുത്ത ഭിന്നത. ട്രംപിന്റെ ഉപദേശകനും വൈസ് പ്രസിഡന്റുമായ ജെ ഡി വാൻസും വിദേശ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലാണ് ഭിന്നത രൂക്ഷം. റൂബിയോയുടെ നിർദേശം പരിഗണിച്ച് ട്രംപ് യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടതിൽ വാൻസിന് കടുത്ത എതിര്‍ പ്പുണ്ട്.
ട്രംപ് രണ്ടാമതും യുഎസ് പ്രസിഡന്റായതിനുശേഷം വിവിധ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങളും അധിനിവേശങ്ങളുടെയും സൂത്രധാരൻ റൂബിയോ ആണ്. "അവസാനമില്ലാത്ത യുദ്ധങ്ങൾ" അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വാഗ്‌ദാനംചെയ്‌ത് ട്രംപ് ഇപ്പോള്‍ ഒന്നിനു പിറകെ മറ്റൊന്നായി യുദ്ധങ്ങള്‍ ഏറ്റെടുക്കുകയാണ്. റൂബിയോയുടെ നവ-യാഥാസ്ഥിതിക യുദ്ധ അജൻഡ ട്രംപ് ഏറ്റെടുത്തതോടെ, അമേരിക്കൻ വിദേശനയത്തിൽ വലിയ മാറ്റമുണ്ടായി. അമേരിക്കയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും വിദേശ യുദ്ധങ്ങളിൽ ഇടപെടരുതെന്നുമാണ് വാൻസിന്റെ നിലപാട്. പാശ്ചാത്യ ആധിപത്യം ലക്ഷ്യമാക്കിയുള്ള റൂബിയോയുടെ നയം ട്രംപ് സ്വീകരിച്ചതോടെ വാൻസ് പിന്തള്ളപ്പെട്ടു.
എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുമെന്നും കോപാകുലവും അക്രമാസക്തവും പൂർണമായും പ്രവചനാതീതവുമായ ലോകത്തിന് പുതിയ ഐക്യത്തിന്റെ മനോഭാവം നൽകുമെന്നുമാണ് ട്രംപ് വീണ്ടും പ്രസിഡന്റായപ്പോൾ ആദ്യപ്രസംഗത്തിൽ പറഞ്ഞത്. പുതിയ യുദ്ധങ്ങളൊന്നും ആരംഭിച്ചില്ല എന്നത് തന്റെ ആദ്യ ടേമിലെ വലിയ നേട്ടമായി ട്രംപ് ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധം വാൻസിന്റെ സ്വാധീനം കുറയ്‌ക്കുകയും റൂബിയോയുടെ പ്രാധാന്യം വർധിപ്പിക്കുകയുംചെയ്‌തു.
റിപ്പബ്ലിക്കന്‍ പാര്‍ടിക്കുള്ളില്‍ ഈ രണ്ട് ചിന്താഗതികളും പ്രബലം. സൈനികമായി ഇടപെട്ടും കാര്യങ്ങള്‍ അമേരിക്കയ്‌ക്ക് അനുകൂലമാക്കുക എന്ന മാര്‍ക്കോ റൂബിയോ പക്ഷത്തിന്റെ ചിന്താഗതിക്കൊപ്പമാണ് ഇപ്പോള്‍ ട്രംപ്. അതുകൊണ്ടുതന്നെ 2028ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന് ശേഷം ആര് എന്ന ചോദ്യത്തിന് വാന്‍സിനേക്കാള്‍ മുന്‍ഗണന മാര്‍ക്കോ റൂബിയോക്ക് കിട്ടിയേക്കും.
അമേരിക്കൻ ജനത ട്രംപിനൊപ്പമില്ല
ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം തള്ളി യുഎസ് ജനത. റോയിറ്റേഴ്‌സും ഐപിഎസ്‌ഒഎസും ചേർന്ന് നടത്തിയ സർവേയിൽ നാലിൽ ഒരാൾ മാത്രമാണ് ആക്രമണത്തെ ശരിവച്ചത്. 43 ശതമാനംപേരും ആക്രമണത്തെ അംഗീകരിച്ചില്ല. നീക്കം ശരിയാണോയെന്നതിൽ 29 ശതമാനം പേർക്ക് സംശയമുണ്ട്. ട്രംപ് പ്രതിനിധാനം ചെയ്യുന്ന റിപ്പബ്ലിക്കൻ പാർടി പ്രതിനിധികളിൽ 55 ശതമാനവും ആക്രമണത്തെ അംഗീകരിക്കുന്പോൾ 13 ശതമാനം എതിർത്തു, 29 പേർ സംശയം പ്രകടിപ്പിച്ചു. 42 ശതമാനം റിപ്പബ്ലിക്കൻമാരും ‘ യുഎസ് സൈനികർ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായാൽ’ പിന്തുണ തുടരില്ലെന്നും പ്രതികരിച്ചു.
അതേസമയം, ഡെമോക്രാറ്റുകൾ 74 ശതമാനവും എതിർത്തപ്പോൾ ഏഴ് ശതമാനം അംഗീകരിച്ചു. 19 ശതമാനം സംശയത്തിലാണ്. ഇറാനിൽ ആക്രമണം തുടങ്ങിയ ശനിയാഴ്‌ചയും ഞായറാഴ്‌ചയുമാണ് സർവേ നടത്തിയത്. യുഎസ് സൈനികർ കൊല്ലപ്പെട്ടെന്ന് ഞായറാഴ്‌ച സ്ഥിരീകരിച്ചിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തെ ന്യായീകരിച്ച് യുദ്ധം തുടരുമെന്ന ട്രംപിന്റെ നിലപാടിനോട് യുഎസ് ജനതയ്‌ക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് സർവേ ഫലം.
ട്രംപിന്റെ കുതന്ത്രത്തിൽ വീഴാതെ ഗൾഫ് രാജ്യങ്ങൾ
ഇറാനെതിരായി ജിസിസി രാജ്യങ്ങളെ രംഗത്തിറക്കി പശ്‌ചിമേഷ്യയിൽ സംഘർഷം കടുപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം പാളുന്നു. മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാൻ ആക്രമണം കടുപ്പിച്ചിട്ടും പ്രതിരോധിക്കുക മാത്രമേ ഗൾഫ് രാജ്യങ്ങൾ ചെയ്യുന്നുള്ളൂ. ഇറാനെ നേരിട്ട് ആക്രമിക്കാൻ സൗദി, ഖത്തർ, ഒമാൻ, ബഹ്‌റൈൻ യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല.
ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മേൽ സൗദി അറേബ്യ സമ്മർദ്ദം ചെലുത്തിയെന്ന റിപ്പോർട്ടുകൾ സൗദി തള്ളി. ഇറാനുമായി ഒരു കരാറിലെത്താനുള്ള ശ്രമങ്ങളെയാണ് രാജ്യം പിന്തുണയ്ക്കുന്നതെന്നാണ് സൗദി എംബസി വക്താവ് ഫഹദ് നാസറിന്റെ പ്രതികരണം. ഇറാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഗൾഫ് സഹകരണസംഘത്തിലെ (ജിസിസി) രാഷ്ട്രങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് ഖത്തർ മുൻ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഷെയ്‌ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ എക്‌സില്‍ കുറിച്ചു.
ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഉണ്ടായാൽ, അത് ഇരുവശത്തുമുള്ള വിഭവങ്ങളെ ഇല്ലാതാക്കും. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ നമ്മെ സഹായിക്കുക എന്ന വ്യാജേന നിരവധി ശക്തികൾക്ക് നമ്മെ നിയന്ത്രിക്കാൻ അവസരം നൽകുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.










0 comments