ഇസ്രയേലുമായുള്ള പ്രതിരോധ കരാർ നിർത്തിവച്ച് ഇറ്റലി

ജോർജിയ മെലോണി. photo credit: AFP/ Andreas SOLARO
റോം : ഇസ്രയേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രയേലുമായുള്ള കരാർ പുതുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതായി വെറോണയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കവേ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞതായി ഇറ്റാലിയൻ വാർത്താ ഏജൻസിയായ അൻസ റിപ്പോർട്ട് ചെയ്തു.
സൈനിക ഉപകരണങ്ങളുടെയും സാങ്കേതിക ഗവേഷണത്തിന്റെയും കൈമാറ്റം ഉൾപ്പെടുന്ന പ്രതിരോധ കരാറാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് വിവരം. 2006-ൽ ഇസ്രയേൽ അംഗീകരിച്ച ഈ കരാർ ഓരോ അഞ്ച് വർഷത്തിലുമാണ് പുതുക്കുന്നത്. പ്രതിരോധ വ്യവസായങ്ങൾ, സൈനിക ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണ വികസനം, വിവരസാങ്കേതികവിദ്യ എന്നിവയിലുടനീളം സഹകരണം പുലർത്തുന്നതാണ് കരാർ.
യൂറോപ്പിലെ ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളായ മെലോണിയുടെ വലതുപക്ഷ സർക്കാരിന്റെ തീരുമാനം വ്യാപക ചർച്ചയ്ക്ക് വഴി വച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലെബനനെതിരായ ഇസ്രയേൽ ആക്രമണങ്ങളെ ഇറ്റലി വിമർശിച്ചിരുന്നു. ലെബനനിലെ ഇറ്റാലിയൻ സമാധാന സേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് വെടിയുതിർത്തതായി ഇറ്റലി ആരോപിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു.
സംഭവത്തിൽ ഇസ്രയേൽ അംബാസഡറെ വിളിച്ചുവരുത്തി ഇറ്റലി പ്രതിഷേധം അറിയിച്ചിരുന്നു. ലെബനൻ സിവിലിയന്മാർക്കെതിരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളെ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി അപലപിച്ചതിനു പിന്നാലെ തിങ്കളാഴ്ച ഇസ്രായേൽ ഇറ്റാലിയൻ അംബാസഡറെ വിളിച്ചുവരുത്തി. ഉപപ്രധാനമന്ത്രി കൂടിയായ തജാനി തിങ്കളാഴ്ച ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ, വിദേശകാര്യ മന്ത്രി യൂസഫ് റാഗി എന്നിവരുമായി ബെയ്റൂട്ടിൽ ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ ഇറ്റലിയുമായി തങ്ങൾക്ക് സുരക്ഷാ കരാറില്ലെന്നും വളരെ വർഷങ്ങൾക്ക് മുമ്പ് മുതലുള്ള ധാരണാപത്രത്തിൽ കാര്യമായ കരാറുകളൊന്നുമില്ലെന്നുമാണ് ഇസ്രയേലിന്റെ വാദം.










0 comments