ഗാസയിൽ വീണ്ടും കൂട്ടക്കൊല; ഇസ്രായേൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു

ദേർ അൽ-ബലാഹ്:ഗാസ സ്ട്രിപ്പിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 23 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആശുപത്രികൾ അറിയിച്ചു.ഒക്ടോബറിൽ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കരാറിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണ്.
ഗാസയിലെ തെക്കും വടക്കുമുള്ള മേഖലകളിലാണ് ആക്രണങ്ങൾ.ഗാസ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടവും ഖാൻ യൂനിസിലെ അഭയാര്‍ത്ഥി ടെന്റും ആക്രമണത്തിന് ഇരയായി.രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഗാസ സിറ്റി ആക്രമണത്തിൽ ഒരു അമ്മയും മൂന്ന് കുട്ടികളും അവരുടെ ഒരു ബന്ധുവും കൊല്ലപ്പെട്ടതായി ഷിഫ ആശുപത്രി രേഖകൾ പറയുന്നു.അതേസമയം ടെന്റ് ക്യാമ്പിൽ വിവേചനമില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വൻ തീപിടിത്തം ഉണ്ടായി.ഇതിൽ ഒരു പിതാവ്,അദ്ദേഹത്തിന്റെ മൂന്ന് കുട്ടികൾ,മൂന്ന് പേരക്കുട്ടികൾ എന്നിവരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു.നാസർ ആശുപത്രിയിലാണ് മൃതദേഹങ്ങൾ.
ഗാസ സിറ്റിയിലെ ഒരു പോലീസ് സ്റ്റേഷനു നേരെയും വ്യോമാക്രമണം നടത്തി. ഇതിൽ 11 പേർ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു. നാല് വനിതാ പോലീസുകാർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്.

ഗാസയുടെ തെക്കേയറ്റത്തെ ഈജിപ്ത് അതിർത്തിയിലുള്ള റാഫ ക്രോസിംഗ് തുറക്കാൻ പോകുന്നതിന് ഒരു ദിവസം മുമ്പാണ് ആക്രമണ പരമ്പര നടന്നത്. യുദ്ധകാലത്ത് എതാണ്ട് മുഴുവൻ സമയവും എല്ലാ അതിർത്തി ക്രോസിംഗുകളും അടച്ചിട്ട നിലയിലായിരുന്നു. പ്രദേശത്തിന് പുറത്ത് ചികിത്സ ആവശ്യമുള്ള പതിനായിരക്കണക്കിന് ആളുകൾ റഫ ക്രോസിംഗ് തുറക്കുന്നത് കാത്തിരിപ്പായിരുന്നു. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലെ പ്രധാന ഉപാധിയാണ് അതിര്‍ത്തി തുറക്കൽ.
സമാധാന കരാറിന് ശേഷം
കൊലപ്പെടുത്തിയത് 524 പേരെ
ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇസ്രായേൽ സൈന്യം പ്രതികരിച്ചില്ല. ഒക്ടോബർ ആദ്യം വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം, ഇസ്രായേലി ആക്രമണങ്ങളിൽ 524 പലസ്തീനികൾ കൊല്ലപ്പെടുകയും 1,360 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, 1,450 നിയമലംഘനങ്ങൾ നടത്തിയതായി ഗാസ മീഡിയ ഓഫീസ് ശനിയാഴ്ച അറിയിച്ചു.

71,600 ൽ അധികം പലസ്തീനികളെ കൊലപ്പെടുത്തുകയും 171,300 പേർക്ക് പരിക്കേൽക്കുകയും ചെയ്ത രണ്ട് വർഷത്തെ ഇസ്രായേലി യുദ്ധം അവസാനിപ്പിച്ചാണ് കരാർ ഉണ്ടാക്കിയത്. ഗാസയിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 90% ഇസ്രയേൽ ആക്രമണത്തിൽ നശിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പുനർനിർമ്മാണ ചെലവ് ഏകദേശം 70 ബില്യൺ ഡോളറാണ്.










0 comments