ചുവരിൽ വംശീയ അധിക്ഷേപം; വെസ്റ്റ് ബാങ്കിൽ പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം

നാബ്ലസ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലസിന് സമീപമുള്ള ടെൽ ഗ്രാമത്തിലെ പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ അബുബക്കർ അൽ സിദ്ദിഖ് പള്ളിക്ക് തീയിടാൻ ശ്രമിച്ചതായി പലസ്തീൻ അതോറിറ്റിയുടെ മതകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ പള്ളിയുടെ മുൻവാതിലുകൾ തകർക്കുകയും പരവതാനികൾ കത്തിക്കുകയും ചെയ്തിട്ടുണ്ട്. പള്ളിയുടെ ഭിത്തികളിൽ വംശീയവും വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യങ്ങൾ അക്രമിസംഘം എഴുതിവെച്ചു.
പള്ളിയുടെ ഉള്ളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്ക് നേരെയും ആരാധനാലയങ്ങൾക്ക് നേരെയും ഇസ്രയേൽ ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണെന്നും 2025ൽ മാത്രം 45ഓളം പള്ളികൾക്ക് നേരെ ആക്രമണം നടന്നതായും പലസ്തീൻ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെ നാബ്ലസ് ഗവർണർ ഘസ്സാൻ ദാഗ്ലസ് അപലപിച്ചു. പള്ളി തകർത്താലും തങ്ങൾ അത് വീണ്ടും പണിയുമെന്നും ഇത് പലസ്തീന്റെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ സൈന്യവും പൊലീസും സംഭവസ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നിർമ്മിച്ച അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ താമസിക്കുന്നവരാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിൽ.









0 comments