പലസ്തീൻ സമാധാന കരാറിന് തൊട്ടുപിന്നാലെ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം

ബെയ്റൂട്ട്: പലസ്തീൻ ജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് പിന്നാലെ ലെബനന്റെ തെക്കൻ മേഖലയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് അക്രമം. ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട് ചെയ്യപ്പെട്ടു.
എംസേലേ എന്ന ഗ്രാമത്തിന് നേര്‍ക്കാണ് വിമാനങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. നിരവധി വാഹനങ്ങള്‍ നശിച്ചതുള്‍പ്പെടെ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ബെയ്‌റൂട്ടിനെ തെക്കൻ ലെബനന്റെ ചില ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേ താൽക്കാലികമായി വേർപെട്ടു.
ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികള്‍ സംഭരിച്ചിരുന്ന സ്ഥലത്തിനു നേര്‍ക്കായിരുന്നു ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ന്യായീകരിച്ചു.
മസായ്‌ലേ ഗ്രാമത്തിൽ പുലർച്ചെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ യന്ത്രങ്ങൾ വിൽക്കുന്ന സ്ഥലത്ത് ബോംബ് വർഷിച്ച് നിരവധി വാഹനങ്ങൾ നശിപ്പിച്ചതായി അൽ മനാർ ടിവി റിപ്പോർട് ചെയ്തു.
നവംബർ അവസാനം അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ 14 മാസത്തെ ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധം അവസാനിച്ചതിനുശേഷവും ഇസ്രായേൽ ദിവസേന വ്യോമാക്രമണങ്ങൾ നടത്തി ഡസൻ കണക്കിന് ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. യുദ്ധത്തിൽ നഷ്ടം സംഭവിച്ചതിനുശേഷം, ഹിസ്ബുള്ള തങ്ങളുടെ കഴിവുകൾ പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് ഇസ്രായേൽ ആരോപിക്കുന്നു.
വെളളിയാഴ്ച ലെബനീസ് ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് രാജ്യത്തിനുള്ളിൽ ഭീകര ആക്രമണങ്ങൾ, ബോംബാക്രമണങ്ങൾ, കൊലപാതകങ്ങൾ എന്നിവയ്ക്ക് തയ്യാറെടുപ്പ് നടത്തുന്ന ഒരു ഇസ്രായേൽ ശൃംഖല കണ്ടെത്തി തകർത്തതായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം.










0 comments