തെക്കൻ ലെബനനിൽ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രയേൽ സൈനികൻ

യേശു ക്രിസ്തുവിന്റെ പ്രതിമ തകർക്കുന്ന ഇസ്രയേൽ സൈനികൻ
ബെയ്‌റൂത്ത്: തെക്കൻ ലെബനനിൽ ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ ഡെബേലിൽ യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേൽ സൈനികൻ തകർത്തു. സൈനികന്റെ നടപടി വലിയ വിവാദമായതോടെ സംഭവത്തിൽ സ്ഥിരീകരണവുമായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് (IDF) രംഗത്തെത്തി.
പ്രതിമ തകർക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ആഗോളതലത്തിൽ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് ഇസ്രയേൽ സൈന്യം കുറ്റം സമ്മതിച്ചത്. പലസ്തീൻ മാധ്യമപ്രവർത്തകനായ യൂനിസ് തിരാവിയാണ് സൈനികൻ പ്രതിമ തകർക്കുന്ന ചിത്രം ആദ്യം പുറത്തുവിട്ടത്.
സംഭവം നടന്നത് ഡെബേലിലാണെന്ന് സ്ഥിരീകരിച്ച ഐഡിഎഫ് വക്താവ് ലെഫ്റ്റനന്റ് കേണൽ നദാവ് ഷോഷാണി, സൈനികന്റെ പ്രവർത്തി ഇസ്രയേൽ സൈന്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതികരിച്ചു. കുറ്റക്കാരനായ സൈനികനെതിരെ അന്വേഷണം ആരംഭിച്ചതായും ഐഡിഎഫ് എക്സിലൂടെ അറിയിച്ചു.
മതചിഹ്നങ്ങളെ അപമാനിക്കുന്ന ഇസ്രയേൽ സൈന്യത്തിന്റെ നിലപാടിനെതിരെ ലെബനനിലെ ക്രൈസ്തവ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെയുണ്ടായ ഈ സംഭവം മേഖലയിൽ പുതിയ നയതന്ത്ര പ്രതിസന്ധികൾക്ക് വഴിവെച്ചേക്കാം.










0 comments