ദക്ഷിണ ലെബനനിൽ ഇസ്രായേൽ ആക്രമണം; വ്യോമാക്രമണങ്ങളിൽ തകർന്ന് നഗരം

ദക്ഷിണ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണം (Photo:Screengrab BBC)
ബെയ്റൂത്ത് : ഏപ്രിൽ 17ന് നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം അതിരൂക്ഷമായി തുടരുന്നു. ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെടുമ്പോഴും വലിയ നഗരങ്ങളും ജനവാസ മേഖലകളും കടുത്ത പ്രതിസന്ധിയിലാണ്. ലെബനനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ടൈറിൽ ബുധനാഴ്ചയും വ്യാഴാഴ്ച പുലർച്ചെയുമായി നടന്ന ബോംബാക്രമണങ്ങളിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നു.
അതിർത്തിയിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള സഹ്രാനി നദിയുടെ സമീപത്തേക്ക് അടിയന്തരമായി മാറിത്താമസിക്കാൻ ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ലെബനന്റെ ആകെ ഭൂപ്രദേശത്തിന്റെ 14 ശതമാനത്തോളം വരുന്ന മുന്നൂറോളം നഗരങ്ങളെയും ഗ്രാമങ്ങളെയും ബാധിക്കുന്നതാണ് ഈ പുതിയ ഒഴിപ്പിക്കൽ ഉത്തരവ്. ഇതോടെ ദക്ഷിണ ലെബനനിൽ നിന്നും ജനങ്ങളുടെ വൻ കൂട്ടപ്പലായനമാണ് ഉണ്ടാകുന്നത്.
തുടർച്ചയായ ബോംബാക്രമണങ്ങളും ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പുകളും കാരണം ടൈർ നഗരത്തിൽ രക്ഷാപ്രവർത്തനം പോലും പൂർണമായി തടസപ്പെട്ട നിലയിലാണ്. സിദോൻ നഗരത്തിലെ താൽക്കാലിക അഭയകേന്ദ്രങ്ങൾ ഇതിനകം തന്നെ അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. പലായനം ചെയ്യുന്ന ജനങ്ങളോട് തലസ്ഥാനമായ ബെയ്റൂത്തിലേക്ക് പോകാനാണ് നിലവിൽ അധികൃതർ നിർദ്ദേശിക്കുന്നത്.
അതിനിടെ, സുരക്ഷിത ഇടങ്ങൾ തേടി സ്വന്തം ഗ്രാമങ്ങളിൽ നിന്നും കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒരു കുടുംബത്തിന് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം ഉണ്ടായതായും കുട്ടികളടക്കം 6 പേർ കൊല്ലപ്പെട്ടതായും ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മാർച്ച് 2ന് ആരംഭിച്ച ഈ യുദ്ധത്തിൽ ലെബനനിൽ മാത്രം ഇതുവരെ 3,213ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതേ കാലയളവിൽ 23 സൈനികരും 4 സിവിലിയന്മാരും കൊല്ലപ്പെട്ടതായി ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ ലെബനനിലെ സാഹചര്യങ്ങൾ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടന മുന്നറിയിപ്പ് നൽകുന്നു.










0 comments