സംഘര്‍ഷം തുടരുമ്പോഴും അമേരിക്കയിൽ ലെബനൻ ഇസ്രയേൽ നയതന്ത്ര ചര്‍ച്ച

photo courtesy Oliver Contreras / AFP
വാഷിങ്ടൺ: അമേരിക്കയും ഇസ്രയേലും ചേര്‍ന്നുള്ള അധിനിവേശ യുദ്ധങ്ങൾ ലോകത്തിന് തന്നെ ഭീഷണിയായി തുടരവെ അമ്പരപ്പായി ഇസ്രയേലും ലെബനനും തമ്മിൽ സമാധാന ചര്‍ച്ച തുടങ്ങി. അമേരിക്ക വേദിയായി നേരിട്ടുള്ള നയതന്ത്ര ചർച്ചയാണ് നടക്കുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ തലത്തിൽ നേരിട്ട് സംവദിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മധ്യസ്ഥതയിലാണ് പരസ്പരം പൊരുതുന്ന ഇരു രാജ്യങ്ങളും മുഖാമുഖം ഇരിക്കുന്നത്.
ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ സാന്നിധ്യത്തിൽ ഇസ്രായേൽ അംബാസഡർ യെഹിയേൽ ലൈറ്ററും ലെബനൻ അംബാസഡർ നാദ ഹമദ മൊവാദും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നു. സൈനിക ഉദ്യോഗസ്ഥർക്കോ മൂന്നാം കക്ഷികൾക്കോ പകരം നയതന്ത്ര പ്രതിനിധികൾ നേരിട്ട് ചർച്ചയിൽ പങ്കെടുക്കുന്ന സമീപനമാണ്.
നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കൃത്യമായ ധാരണയിലെത്തുക. ലെബനന്റെ തെക്കൻ മേഖലകളിൽ ഹിസ്ബുള്ളയുടെ സ്വാധീനം കുറയ്ക്കുക. മേഖലയിലെ സായുധ സാന്നിധ്യം ഒഴിവാക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കമില്ലാത്ത അതിർത്തി രേഖ (Blue Line) നിശ്ചയിക്കുക എന്നിവയാണ് മുഖ്യമായി പരിഗണിക്കുന്ന വിഷയങ്ങൾ.
ചര്‍ച്ച ഒരു വഴി, യുദ്ധം മറുവഴി
വാഷിംഗ്ടണിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും യുദ്ധഭൂമിയിൽ സ്ഥിതിഗതികൾ ശാന്തമല്ല. ചർച്ചകൾക്കിടയിലും ബെയ്റൂട്ടിന് തെക്കുള്ള സാദിയാത്ത് മേഖലയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. മറുവശത്ത്, വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങളും തുടരുന്നുണ്ട്.
ലെബനൻ സർക്കാർ ഔദ്യോഗികമായി ചർച്ചയിൽ പങ്കെടുക്കുമ്പോഴും ഹിസ്ബുള്ള ഇതിനെ ശക്തമായി എതിർക്കുന്നു. ഹിസ്ബുള്ളയുടെ പിന്തുണയില്ലാത്ത ഏത് കരാറും നടപ്പിലാക്കുക എന്നത് ലെബനൻ സർക്കാരിന് വലിയ വെല്ലുവിളിയാകും. ഹിസ്ബുള്ളയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, അവരുടെ സൈനിക ശേഷി പൂർണ്ണമായും തകർക്കുക എന്നതാണ് ലക്ഷ്യമെന്നും ഇസ്രായേൽ ആവർത്തിക്കുന്നു.
ഇറാനെ ദുര്‍ബലപ്പെടുത്തുക
ഹിസ്ബുള്ളയുടെ സ്വാധീനം ലെബനനിൽ നിന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഇരുപക്ഷവും ഏകാഭിപ്രായത്തിലെത്തിയതായി അമേരിക്കയിലെ ഇസ്രയേൽ അംബാസഡർ യെഹിയൽ ലീറ്റർ ഇതിനിടെ അവകാശപ്പെട്ടു. ഇറാനും ഹിസ്ബുള്ളയും ഇപ്പോൾ ഗണ്യമായി ദുർബലപ്പെട്ടിരിക്കുകയാണെന്നും ഇതൊരു വലിയ അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ ഇനി ഹിസ്ബുള്ളയുടെ അധിനിവേശത്തിലായിരിക്കില്ലെന്ന് ലെബനൻ സർക്കാർ വ്യക്തമാക്കിയതായും ലീറ്റർ അവകാശപ്പെട്ടു.
ലെബനൻ അംബാസഡർ നാദ ഹമദ മൊവാദ് രാജ്യത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഊന്നൽ നൽകിക്കൊണ്ടാണ് സംസാരിച്ചത്. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കുക, കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ എത്തിക്കുക, മാനുഷിക പ്രതിസന്ധി പരിഹരിക്കുക എന്നിവയ്ക്കായി അവർ ആഹ്വാനം ചെയ്തു.
അടുത്ത ഘട്ട ചർച്ചകൾ വരും ദിവസങ്ങളിൽ വീണ്ടും നടക്കും. ഒരു അന്തിമ സമാധാന കരാറിലേക്ക് എത്താൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതിര്‍ത്തി വിപുലപ്പെടുത്താൻ ഇസ്രയേൽ
ചർച്ചകളിൽ എത്തുന്ന ഒരു കരാറും തങ്ങൾ അംഗീകരിക്കില്ലെന്ന് ഹിസ്ബുള്ള നേതാവ് വഫീഖ് സഫ വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ലെബനൻ സർക്കാർ പാലിക്കണമെന്നാണ് ഹിസ്ബുള്ളയുടെയും സായുധ ഗ്രൂപ്പുകളുടെയും പക്ഷം. ഇതിനിടെ ഹിസ്ബുള്ളയെ ക്രിമിനൽ ഗ്രൂപ്പായി പ്രഖ്യാപിച്ച ലെബനൻ നടപടി വലിയ പ്രകോപനമായിരുന്നു.
കഴിഞ്ഞ മാർച്ചിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിവെച്ച യുദ്ധത്തോടെ ലെബനനിൽ മാത്രം ഇതുവരെ 2,124-ലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 10 ലക്ഷത്തിലധികം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലിറ്റാനി നദി വരെ തങ്ങളുടേതായ സുരക്ഷാ മേഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ അധിനിവേശം തുടരുകയാണ്.









0 comments