ലെബനനിൽ വെടിനിർത്തൽ
print edition ഇസ്രയേൽ നരനായാട്ടിന് താൽക്കാലിക ശമനം: ലെബനനിൽ വെടിനിർത്തൽ

ബെയ്‌റൂത്ത്/വാഷിങ്ടൺ:
ലെബനനിൽ ആഴ്ചകൾ നീണ്ട ഇസ്രയേൽ ആക്രമണത്തിന് താൽക്കാലിക വിരാമമിട്ട് പത്തുദിവസത്തെ വെടിനിർത്തൽ നിലവിൽവന്നു. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പശ്ചിമേഷ്യയിലെ സമാധാനത്തിന് അമേരിക്കയുമായുള്ള ചർച്ചക്ക് ലെബനനിലെ വെടിനിർത്തൽ അനിവാര്യമാണെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതാണ് നിർണായകമായത്. ഹോമുസിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം പാളിയതോടെ അമേരിക്ക ഇടപെട്ട് ഇസ്രയേലിനെ അനുനയിപ്പിക്കുകയായിരുന്നു.
പത്തു ദിവസത്തേക്ക് ഇരു വിഭാഗവും ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, തെക്കൻ ലെബനനിൽ സൈന്യം തുടരുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. വെടനിർത്തലിനു തൊട്ടുമുന്പുള്ള മണിക്കൂറുകളിൽ മേഖലയിൽ ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ലെബനനൻ സർക്കാരും ഇസ്രയേലും തമ്മിലുണ്ടാക്കിയ കരാറിൽ ഹിസ്‌ബുള്ള ഭാഗമല്ല. ഹിസ്‌ബുള്ളയെ നിരായുരാക്കാനെന്ന പേരിലാണ് ലെബനനുനേരെ ആക്രമണം തുടങ്ങിയത്. ഹിസ്‌ബുള്ളയിൽനിന്ന് ഉറപ്പൊന്നും ലഭിക്കാതെയാണ് ഇപ്പോൾ ഇസ്രയേൽ വെടിനിർത്തിയത്. ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി.
മാർച്ച് 2 മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 2,196 പേർ കൊല്ലപ്പെട്ടു. എണ്ണായിരത്തോളം പേർക്ക് പരിക്കേറ്റു. പത്തുലക്ഷത്തോളം പേർ അഭയാർഥികളായി. വെടിനിർത്തൽ പ്രാബല്യത്തിൽവന്നതോടെ മാസങ്ങളായി ഇസ്രയേൽ തകർത്ത ബെയ്‌റൂത്തിന്റെ തെക്കൻ മേഖലകളിലേക്ക് ജനങ്ങൾ തിരിച്ചെത്തിത്തുടങ്ങി. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ രാജ്യങ്ങളും സമാധാന നീക്കത്തെ സ്വാഗതംചെയ്തു.










0 comments