print edition ലെബനനിൽ 12 ഗ്രാമങ്ങൾ ഒഴിയാൻ ഉത്തരവ്

ബെയ്റൂത്ത്: വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനനിൽ ഇസ്രയേൽ തുടരുന്ന വ്യോമാക്രമണങ്ങളിൽ ആറ് മരണംകൂടി. തെക്കൻ ലെബനനിലെ 12 ഗ്രാമങ്ങളിൽനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. ഏപ്രിൽ 17-ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷം ആദ്യമായാണ് ഇത്രയും വലിയതോതിലുള്ള കുടിയൊഴിപ്പിക്കൽ.
കിഴക്കൻ ലെബനനിലെ സെല്ലായ മുനിസിപ്പൽ കൗൺസിൽ മേധാവി അലി ഖാസിം അഹമ്മദും കുടുംബത്തിലെ മൂന്നുപേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലെ മെയ്ഫദൂനിൽ നടന്ന പീരങ്കിയാക്രമണത്തിൽ രണ്ടു പേരും കൊല്ലപ്പെട്ടു. ലിതാനി നദിക്ക് വടക്കുള്ള ഗ്രാമങ്ങളാണ് ഒഴിപ്പിക്കുന്നത്. ഹിസ്ബുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ അധീനതയിലല്ലാത്ത പ്രദേശങ്ങളിൽ പ്രതികാര നടപടി. ബെക്കാ താഴ്‌വരയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കും ഇസ്രയേൽ സൈനിക നടപടി വ്യാപിപ്പിക്കുകയാണ്.










0 comments