ലക്ഷ്യം നിറവേറ്റിയെന്ന് ഇസ്രയേല്‍ , ഇസ്രയേല്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍

വെടിനിർത്തൽ ; നാടകീയ പ്രഖ്യാപനം നടത്തി ഡോണള്‍ഡ് ട്രംപ്

Israel Iran Conflict ceasefire
വെബ് ഡെസ്ക്

Published on Jun 25, 2025, 02:34 AM | 3 min read

തെഹ്‌റാൻ/ ടെൽ അവീവ്‌

പശ്ചിമേഷ്യയിൽ തീ പടര്‍ത്തുമെന്ന് ഭീതി ഉയർത്തിയ വൻ സംഘർഷം ഒടുവിൽ ശമിക്കുന്നെന്ന പ്രതീക്ഷയേകി ഇസ്രയേലും ഇറാനും വെടിനിർത്തലിന്‌ സമ്മതിച്ചു.


ഇറാനില്‍ പ്രകോപനമില്ലാതെ ഇസ്രയേല്‍ ആയുധം വര്‍ഷിച്ചതിന്റെ പന്ത്രണ്ടാം ദിവസമാണ് ഇരുപക്ഷത്തിന്റെയും പൊടുന്നനെയുള്ള പിന്മാറ്റം. ഇസ്രയേലിന്‌ പിന്തുണയേകി അമേരിക്ക ആണവകേന്ദ്രങ്ങളിലേക്ക്‌ നടത്തിയ ബോംബാക്രമണത്തിന്‌ തിരിച്ചടിയായി തിങ്കൾ രാത്രി ഇറാൻ ഖത്തറിലെ അമേരിക്കൻ വ്യോമതാവളം ആക്രമിച്ചു. പിന്നാലെ, ഇരു രാജ്യവും വെടിനിർത്തലിന്‌ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു. വെടിനിർത്തലിനു പിന്നാലെ ഇറാനിൽ ജനം തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തി.


ആക്രമണവും- പ്രത്യാക്രമണവും തുടർന്നെങ്കിലും മണിക്കൂറുകൾ നീണ്ട തര്‍ക്കങ്ങള്‍ക്ക്ശേഷം വെടിനിർത്തൽ അംഗീകരിച്ചതായി ഇറാനും ഇസ്രയേലും അറിയിച്ചു. പ്രഖ്യാപനത്തെ ഗൾഫ് അറബ് രാജ്യങ്ങളും പ്രവാസികളും പ്രതീക്ഷയോടെ വരവേറ്റു. ചൊവ്വ രാവിലെയോടെ ഖത്തറിൽനിന്ന്‌ വ്യോമഗതാഗതം പുനരാരംഭിച്ചു.


12നാൾ നീണ്ട യുദ്ധത്തിൽ ഇസ്രയേലിൽ 28 പേരും ഇറാനിൽ 14 ആണവശാസ്‌ത്രജ്ഞരടക്കം 410 പേരും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. റവല്യൂഷണറി ഗാർഡിലെ ആറ്‌ ഉദ്യോഗസ്ഥരും 13 കുട്ടികളും 49 സ്‌ത്രീകളും കൊല്ലപ്പെട്ടു.


വെടിനിർത്തൽ കരാർ ഇരുരാഷ്‌ട്രങ്ങളും അംഗീകരിച്ചശേഷം ചൊവ്വ രാത്രിയും ഇറാനിൽ സ്‌ഫോടനമുണ്ടായത്‌ വീണ്ടും ആശങ്ക ഉയർത്തി. ബാബോൾസർ നഗരത്തിലായിരുന്നു സ്‌ഫോടനം. ഇസ്രയേൽ ആദ്യം ആക്രമിച്ചാലല്ലാതെ തങ്ങൾ ആക്രമണം നടത്തില്ലെന്ന്‌ ഇറാൻ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്‌ക്യൻ വ്യക്തമാക്കി. ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിലേക്ക്‌ നടത്തിയത്‌ സ്വയം പ്രതിരോധത്തിനായുള്ള ആക്രമണമാണെന്നും ഖത്തറിനെ ആക്രമിക്കുക ലക്ഷ്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലക്ഷ്യം പൂര്‍ത്തിയാക്കിയതിനാല്‍ ആക്രമണം അവസാനിപ്പിച്ചെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.


ഇറാനും ഇസ്രയേലും വെടിനിർത്തൽ പൂർണമായും പാലിക്കണമെന്ന്‌ തുർക്കിയ ആവശ്യപ്പെട്ടു. ഈജിപ്തും സൗദി അറേബ്യയും വെടിനിർത്തൽ സ്വാഗതം ചെയ്‌തു. സ്ഥിതിഗതികൾ വീണ്ടും മോശമാകുമെന്ന ആശങ്കയിൽ 101 പൗരരെ ഫ്രാൻസ്‌ ഇസ്രയേലിൽനിന്ന്‌ ഒഴിപ്പിച്ചു. സൈനിക വിമാനത്തിൽ സൈപ്രസിലേക്കാണ്‌ മാറ്റിയത്‌.

അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് പശ്ചിമേഷ്യന്‍ തീരത്ത് എത്തുമെന്ന് അമേരിക്ക അറിയിച്ചു. രണ്ട് കപ്പലുകൾ മേഖലയിലുണ്ട്


വെടിനിര്‍ത്തല്‍ 
പ്രഖ്യാപനത്തില്‍ നാടകീയത

ഇസ്രയേൽ–- ഇറാൻ വെടിനിര്‍ത്തല്‍ പ്രഖ്യാപനം മണിക്കൂറുകൾ നീണ്ട നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് ശേഷം. തിങ്കൾ അർധരാത്രി തുടങ്ങി 24 മണിക്കൂറിൽ പൂർണവെടിനിർത്തൽ സാധ്യമാകുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പ്രഖ്യാപനം.


സമാധാനം സ്ഥാപിക്കാൻ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇരു രാജ്യവും തന്നെ സമീപിച്ചെന്നും ട്രംപ്‌ അവകാശപ്പെട്ടു. എന്നാൽ, ആക്രമിക്കപ്പെട്ട തങ്ങളല്ല, ആക്രമിച്ച ഇസ്രയേലാണ്‌ ആദ്യം വെടിനിർത്തേണ്ടതെന്ന ഇറാൻ പ്രതിരോധമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുടെ പ്രസ്താവന അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ മാത്രമേ തങ്ങളും വെടിനിർത്തൽ അംഗീകരിക്കൂ എന്നും അരാഗ്‌ചി വ്യക്തമാക്കി.


ലക്ഷ്യങ്ങളെല്ലാം പൂർത്തിയാക്കിയതായി ചൂണ്ടിക്കാട്ടി വെടിനിർത്തൽ നിർദേശം അംഗീകരിച്ച ഇസ്രയേൽ പക്ഷേ, വെടിനിർത്തൽ ആരംഭിച്ച്‌ 2.5 മണിക്കൂറിനള്ളിൽത്തന്നെ ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന്‌ ആരോപിച്ചു. കടുത്ത ആക്രമണം നടത്താൻ സൈന്യത്തിന്‌ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ്‌ നിർദേശം നൽകി. ഇറാൻ ആരോപണം നിഷേധിച്ചെങ്കിലും ഇസ്രയേൽ മിസൈൽ വർഷം തുടർന്നു. വെടിനിർത്തലിന്‌ തൊട്ടുമുമ്പ്‌ ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു.


ഇസ്രയേലിന്റെ ലംഘനത്തെ ശക്തമായി വിമർശിച്ച ട്രംപ്‌, ഇറാനിലേക്ക്‌ പറക്കുകയായിരുന്ന ഇസ്രയേൽ യുദ്ധവിമാനങ്ങൾ തിരികെ വിളിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ട്രംപിന്റെ അഭ്യർഥനപ്രകാരം കടുത്ത ആക്രമണം നടത്താനുള്ള നീക്കത്തിൽനിന്ന്‌ താൻ പിന്മാറിയെന്ന്‌ നെതന്യാഹു പറഞ്ഞു. ഇസ്രയേൽ വിമാനങ്ങൾ ഇറാന്‌ സൗഹൃദഭാവത്തിൽ അഭിവാദനം ചെയ്ത്‌ മടങ്ങിയെന്നായിരുന്നു ഹേഗിൽ നാറ്റോ ഉച്ചകോടിക്കായി പോയ ട്രംപിന്റെ പ്രതികരണം.


അതിനിടെ, ദോഹയിലെ അമേരിക്കൻ താവളത്തിലേക്കുണ്ടായ ആക്രമണത്തെ ഖത്തർ അപലപിച്ചു. ഇറാന്റെ 19 മിസൈലിൽ ഒന്നുമാത്രമാണ്‌ ലക്ഷ്യംകണ്ടതെന്നും, വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്നും ഖത്തർ പറഞ്ഞു. ചൊവ്വ രാവിലെയൊടെ ഖത്തറിൽനിന്നുള്ള വ്യോമഗതാഗതം പുനരാരംഭിച്ചു. വെടിനിർത്തൽ ഇറാന്‌ ആണവായുധം നിർമിക്കാൻ വീണ്ടും അവസരമാകുമെന്ന്‌ ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ ആശങ്കപ്പെട്ടു.


12 ദിന യുദ്ധം

ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന്റെ മറവിൽ ഇറാന്‌ പരോക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇസ്രയേൽ പലസ്‌തീൻ മേഖലകൾ പിടിച്ചെടുത്ത 1967ലെ യുദ്ധത്തിന്റെ ഓർമ ഉണർത്തി, ‘12 ദിന യുദ്ധം’ എന്നാണ്‌ ട്രംപ്‌ സമൂഹമാധ്യമങ്ങളിൽ ഇസ്രയേൽ–ഇറാൻ സംഘർഷത്തെ വിശേഷിപ്പിച്ചത്‌.


1967ൽ ഈജിപ്ത്‌, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളുമായി ‘ആറ്‌ ദിന യുദ്ധം’ നടത്തിയാണ്‌ ഇസ്രയേൽ പലസ്‌തീൻ മേഖലകൾ കൈക്കലാക്കിയത്‌. ജോർദാനിൽനിന്ന്‌ വെസ്റ്റ്‌ ബാങ്കും കിഴക്കൻ ജറുസലേമും, ഈജിപ്തിൽനിന്ന്‌ ഗാസ മുനമ്പും സിനായ്‌ ഉപദ്വീപും, സിറിയയിൽനിന്ന്‌ ഗോലാൻ കുന്നുകളും പിടിച്ചെടുത്തു. പിന്നീട്‌ സിനായ്‌ ഉപദ്വീപ്‌ മാത്രം തിരിച്ചുനൽകി. മറ്റ്‌ പ്രദേശങ്ങൾ ഉപയോഗിച്ച്‌ ഇസ്രയേൽ ഇപ്പോഴും മേഖലയിൽ അസ്ഥിരത വളർത്തുന്നു. ഈ സാഹചര്യത്തിലാണ് ഇറാനുമായുള്ള സംഘർഷത്തെ അമേരിക്കൻ പ്രസിഡന്റ്‌ ‘12 ദിന യുദ്ധ’മെന്ന്‌ വിശേഷിപ്പിച്ചത്‌.


ഇറാന് നഷ്ടമായത്‌ 
14 ആണവശാസ്ത്രജ്ഞരെ

പന്ത്രണ്ട്‌ നാൾ നീണ്ട ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരിൽ 14 ആണവശാസ്ത്രജ്ഞരും. ഇറാന്റെ ആണവസമ്പുഷ്ടീകരണത്തെ തടയാനാകില്ല എന്ന തിരിച്ചറിവിൽ, ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെ ലക്ഷ്യമിട്ട്‌ ആക്രമിച്ച്‌ ഇല്ലാതാക്കുകയായിരുന്നു. വെടിനിർത്തൽ അംഗീകരിച്ച്‌, ലക്ഷ്യങ്ങൾ എല്ലാം നേടിയതായ ഇസ്രയേൽ പ്രഖ്യാപനവും ഇതാണ്‌ തെളിയിക്കുന്നത്‌.


ഭൗതികശാസ്ത്രജ്ഞരും ന്യൂക്ലിയർ എൻജിനിയർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതിൽ പ്രമുഖരായ ഒമ്പതുപേരെയും ആക്രമണത്തിന്റെ ആദ്യദിനമായ 13നാണ്‌ വധിച്ചത്‌. ശാസ്ത്രജ്ഞരെ ലക്ഷ്യമിട്ട്‌ വധിച്ചത്‌ ഇറാന്റെ ആണവപദ്ധതിയെ വർഷങ്ങളോളം പിന്നോട്ടടിപ്പിക്കുമെന്ന്‌ ഫ്രാൻസിലെ ഇസ്രയേൽ സ്ഥാനപതി ജോഷ്വ സർക അസോസിയേറ്റഡ്‌ പ്രസിന്‌ നൽകിയ അഭിമുഖത്തില്‍ സ്ഥിരീകരിച്ചു.


2020ൽ ഇസ്രയേൽ റിമോട്ട്‌ കൺട്രോൾ മെഷീൻ ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇറാന്റെ മുതിർന്ന ആണവശാസ്ത്രജ്ഞൻ മൊഹ്‌സൻ ഫക്രിസാദെയെ കൊലപ്പെടുത്തിയിരുന്നു.


ഇറാനിൽ 
ആഹ്ലാദപ്രകടനം

വെടിനിർത്തൽ പ്രഖ്യാപനത്തെ തടർന്ന്‌ ഇറാൻ തലസ്ഥാനം തെഹ്‌റാനിൽ ആഹ്ലാദപ്രകടനം. ഇസ്രയേൽ ആക്രമണത്തെ ഫലപ്രദമായി ചെറുത്ത സർക്കാരിനെ അഭിനന്ദിച്ച്‌ നൂറുകണക്കിന്‌ ആളുകൾ നിരത്തിലിറങ്ങി. യെമനിൽ ഹൂതി അനുകൂലികളും ഇറാനെ അഭിനന്ദിച്ച്‌ പ്രകടനം നടത്തി. ഇറാന്റെ ശക്തി എന്താണെന്ന് കാണിക്കുന്നതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ് പറഞ്ഞു. '




deshabhimani section

Related News

View More
0 comments
Sort by

Home