ഫോർദൊ പ്ലാന്റിന്റെ പ്രവേശന കവാടത്തിൽ ട്രക്കുകൾ കിടക്കുന്ന ഉപഗ്രഹ ചിത്രം പുറത്ത്
"ആക്രമണത്തിന് മുമ്പ് യുറേനിയം നീക്കി"

ഫോർദൊ പ്ലാന്റിന്റെ പ്രവേശന കവാടത്തിൽ ട്രക്കുകൾ കിടക്കുന്ന ഉപഗ്രഹ ചിത്രം
വാഷിങ്ടൺ
ഇറാന്റെ ഫോര്‍ദൊ, നതാൻസ്, ഇസ്‍ഫഹാൻ ആണവകേന്ദ്രങ്ങൾ പൂര്‍ണമായും ഇല്ലാതാക്കിയെന്നാണ് ആക്രമണത്തിനുശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. പക്ഷേ ആക്രമണത്തിന് മുന്നേ ഇറാൻ യുറേനിയവും മറ്റ് പ്രധാന ഉപകരണങ്ങളും സുരക്ഷിതമായി മാറ്റിയെന്ന് റിപ്പോര്‍ട്ട്. ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
60 ശതമാനം സമ്പുഷ്ടീകരിക്കപ്പെട്ട 400 കിലോഗ്രാം യുറേനിയം ഫോര്‍ദൊയിലെ കേന്ദ്രത്തിൽനിന്ന് ഇറാൻ നീക്കി. അമേരിക്കൻ ആക്രമണത്തിൽ ഫോര്‍ദൊ ആണവകേന്ദ്രത്തിന് കേടുപാടുകളുണ്ടായതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പക്ഷേ 80 മുതൽ 300 അടിയിലേറെ താഴ്ചയിലുള്ള പ്ലാന്റുകള്‍ക്ക് നാശനഷ്ടം ഉണ്ടായോയെന്ന് വ്യക്തമല്ല.
ആക്രമണത്തിനുപിന്നാലെ അണുവികിരണ ആശങ്ക ശക്തമായിരുന്നു. എന്നാൽ അണുവികിരണമുണ്ടാക്കുന്ന "വസ്തുക്കളൊന്നും' അവിടെയുണ്ടായിരുന്നില്ലെന്നാണ് ഇറാന്റെ വിശദീകരണം. യുഎസ് വ്യോമാക്രമണത്തിന് മുമ്പ് ഫോർദൊ പ്ലാന്റിന്റെ പ്രവേശന കവാടത്തിന് പുറത്ത് ട്രക്കുകൾ നിരന്നിരിക്കുന്ന ഉപഗ്രഹ ചിത്രവും പ്രചരിക്കുന്നുണ്ട്. ഇറാന്റെ യുറേനിയം ശേഖരം എവിടെയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ളവർ സമ്മതിക്കുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.









0 comments