ഗൾഫിൽ ഭീതി
print edition കുരുതി തുടരുന്നു ; ഇറാനിൽ മരണം 555 എന്ന് റിപ്പോർട്ട്

ലബനനിലെ തെക്കൻ ബെയ‍്റൂത്തിൽ ജനവാസമേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണം
തെഹ്‌റാൻ
ഇറാനിൽനിന്ന് സ്വപ്‌നങ്ങൾ തകർന്ന, ഭയന്ന് വിറയ്‌ക്കുന്ന നിഷ്‌കളങ്കരായ മനുഷ്യരുടെ നിലവിളി ഉയരുകയാണ്. യുഎസ്-–ഇസ്രയേൽ ആക്രമണത്തിന്റെ ആഘാതത്തിൽ ഇറാനിലെ നഗരങ്ങൾ തീഗോളങ്ങളായി മാറി. സംയുക്ത കടന്നാക്രമണം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിൽ സ്ഥിതി അതീവ ഗുരുതരം. ഇതുവരെയുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 555 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരും. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂറേ ഖോജസ്‌തെ ബാഗേർസാദേ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഖമനേയി, മകൾ, മരുമകൻ, പേരക്കുട്ടി തുടങ്ങിയവർ കൊല്ലപ്പെട്ട ആക്രമണത്തിലാണ് മൻസൂറേയ്‌ക്ക് പരിക്കേറ്റത്.
ആക്രമണത്തിന്റെ വ്യാപ്തി തെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് പുറമെ ജനവാസ മേഖലകളിലേക്കും വ്യാപിച്ചു. തെഹ്‌റാനിലെ പ്രശസ്‌തമായ ഗാന്ധി ആശുപത്രി വ്യോമാക്രമണത്തിൽ തകർന്നു. തെക്കൻ ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്‌കൂളിന് നേരെ നടന്ന ആക്രമണത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 180- ആയി.
രാജ്യത്തെ 131 മേഖലയില്‍ ആക്രമണം അതിരൂക്ഷമാണ്. നഥാൻസിലെ ആണവനിലയത്തിന് നേരെയും ആക്രമണമുണ്ടായി. പെർഷ്യൻ ഗൾഫ് തീരത്തുള്ള ബുഷെർ, ഇസഫഹാൻ നിലയങ്ങൾക്കും നാശമുണ്ടായതായും റിപ്പോർട്ടുണ്ട്. ആണവ വികിരണ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, ആണവ നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സൂചനയില്ലെന്ന് അന്താരാഷ്‌ട്ര ആണവോർജ ഏജൻസി അറിയിച്ചു.

വ്യോമസേനയുടെ ഷെൽട്ടറുകൾ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ എന്നിവ തകർന്നു. കോനാരക് തുറമുഖ മേഖലയിലെ നാവികസേനാ കപ്പലുകൾക്ക് കേടുപാടുകളുണ്ടായി. തെഹ്റാനിലെ ഐആർജിസി ആസ്ഥാനം, ഇന്റലിജൻസ് മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള സർക്കാർ കേന്ദ്രങ്ങൾക്ക് കനത്ത നാശമുണ്ടായി.തെഹ്‌റാനിലെ നിലൂഫർ സ്‌ക്വയറിൽ നടന്ന ആക്രമണത്തിൽ 20-ലധികം പേർ കൊല്ലപ്പെട്ടു. രാജ്യത്തെ ഇന്റർനെറ്റ് സംവിധാനം 48 മണിക്കൂറിലധികമായി തകരാറിലാണ്. ഇറാൻ പ്രതിരോധ മന്ത്രിയായി മജീദ് എബ്നൽരേസയെ നിയമിച്ചു. പ്രതിരോധ മന്ത്രി ജനറൽ അസീസ് നാസർ സാദെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണിത്.
അതിനിടെ യുഎസുമായി ചർച്ച നടത്തില്ലെന്നും ട്രംപിന്റെ ഭ്രാന്തമായ ഭാവനകൾ പശ്ചിമേഷ്യയെ കുഴപ്പത്തിലാക്കിയെന്നും ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി പറഞ്ഞു.
ലബനനിലും 52 മരണം
ലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 52 മരണം. 154പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്‌ബുള്ളയുടെ ഇന്റലിജൻസ്‌വിഭാഗം തലവൻ ഹൊസൈയിൻ മക്‌ലദിനെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ബെയ്റൂത്തിലും തെക്കൻ ലെബനനിലെ പല ഗ്രാമങ്ങളിലും കിഴക്കൻ ഭാഗത്തെ ബെക്കാ താഴ്‌വരയിലും ഇസ്രയേൽ ആക്രമണം നടത്തി. ഇസ്രയേലിലെ ഹൈഫ സൈനിക താവളത്തിന് നേരെ റോക്കറ്റ്, ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹിസ്ബുള്ള വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണം. തെക്കൻ ലെബനനിലെയും ബെക്കാ താഴ്‌വരയിലെയും 50-ലധികം ഗ്രാമങ്ങളിലെ ജനങ്ങളോട് വീടൊഴിഞ്ഞുപോകാനും കെട്ടിടങ്ങളിൽനിന്ന് കുറഞ്ഞത് ഒരു കിലോമീറ്റർ അകലെ നിൽക്കാനും ഇസ്രയേൽ ആവശ്യപ്പെട്ടു. ഹിസ്ബുള്ള സായുധപ്രവർത്തനം നിരോധിച്ചതായി ലെബനീസ് സർക്കാർ അറിയിച്ചു.
എണ്ണക്കപ്പലിനുനേരെ ആക്രമണം ; ഒമാനിൽ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലിനുനേരെ ഡ്രോണ്‍ ബോട്ട് ഇടിച്ചുകയറ്റിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. മാര്‍ഷല്‍ ഐലന്‍ഡ്‌സ് പതാകയുള്ള എംകെഡി വിയോം കപ്പലിന് നേരെയാണ് മസ്‌കത്ത് തീരത്ത് ആക്രമണമുണ്ടായത്. സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ആളില്ലാ ഡ്രോണ്‍ ബോട്ട് കപ്പലില്‍ ഇടിച്ചു കയറ്റുകയായിരുന്നെന്ന് ഒമാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെ ഒമാന്‍ റോയല്‍ നേവി രക്ഷപ്പെടുത്തി.
ഇറാന്റെ ഇത്തരം പ്രകോപനങ്ങള്‍ അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന് സമീപം കപ്പല്‍ ഗതാഗതം കനത്ത ഭീഷണിയിലാണ്.
കുവൈത്തിൽ 3 യുഎസ് പോര്‍വിമാനം വീണു
സംഘർഷം രൂക്ഷമായിരിക്കെ അമേരിക്കയുടെ മൂന്നു എഫ് 15 യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടു. കുവൈത്തിൽ യുഎസ് വിമാനങ്ങൾ തകർന്നു വീഴുന്ന ദൃശ്യം ഇറാൻ പുറത്തുവിട്ടു. കുവൈത്തിനുനേരെ തിങ്കളാഴ്‌ച ഇറാൻ അതിശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഒരാൾ കൊല്ലപ്പെട്ടു. അലി അല്‍ സലേം വ്യോമതാവളത്തിനുനേരെയും ആക്രമണമുണ്ടായിരുന്ന. ഇതിനിടെയാണ് യുഎസ് വിമാനങ്ങൾ തകർന്നത്. പൈലറ്റുമാര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ഇറാനാണ് വിമാനങ്ങൾ വെടിവച്ചിട്ടതെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, പ്രതിരോധ നീക്കത്തിനിടെ കുവൈത്തിന് അബദ്ധം പറ്റിയതാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. മൂന്ന് വിമാനം വീണെന്ന് അവർ സ്ഥിരീകരിച്ചു.
അതിനിടെ, കുവൈത്തിലെ യുഎസ് എംബസിക്ക് സമീപവും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. എംബസിക്ക് സമീപത്തുനിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എംബസി ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി.
നെതന്യാഹുവിന്റെ ഓഫീസ് തകര്‍ത്തെന്ന് ഇറാന്‍
അത്യാധുനിക മിസൈല്‍ പ്രതിരോധ കവചമുള്ള ഇസ്രയേലിനെ വിറപ്പിച്ച് ഇറാന്റെ മിസൈൽ വർഷം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫീസിനുനേരെ ആക്രമണം നടത്തിയെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ വെളിപ്പെടുത്തി. സയണിസ്റ്റ് ഭരണകൂടത്തിലെ ക്രിമിനലായ പ്രധാനമന്ത്രിയുടെ ഓഫീസും വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും ലക്ഷ്യമിട്ടെന്ന് ഐആർജിസി അവകാശപ്പെട്ടു. ഖൈബർ മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇസ്രയേൽ ഇക്കാര്യം നിഷേധിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ടൈംസ് ഓഫ് ഇസ്രയേൽ നൽകിയ വാർത്തയിൽ സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് വിശദീകരിച്ചത് ആക്രമണം നടന്നെന്നതിന് സ്ഥിരീകരണമായി.
ഇസ്രയേൽ പാർലമെന്റ് നെസറ്റിന്റെ വിദേശകാര്യ–പ്രതിരോധ കമ്മറ്റി യോഗം ചേരുന്നതിനിടെ ആക്രമണമുണ്ടായതോടെ അംഗങ്ങൾ ബോംബ് ഷെൽറ്ററിൽ അഭയംതേടി. ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അവലോകനവും രാജ്യം ‘പ്രത്യേക സാഹചര്യം’ നേരിടുന്നു എന്ന് പ്രഖ്യാപിക്കാനുള്ള വോട്ടെടുപ്പുമായിരുന്നു യോഗത്തിന്റെ അജൻഡ. യോഗം ഉപക്ഷേിച്ചാണ് അംഗങ്ങൾ ഷെല്‍ട്ടറില്‍ അഭയംതേടിയത്. ഇവിടെനിന്ന് ഇവരെടുത്ത സെൽഫി പുറത്തുവിട്ടു. ഇസ്രയേലിലെ പ്രധാന നഗരങ്ങളിലൊന്നായ ബീർ ഷെബയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റു.










0 comments