വെടിനിർത്തൽ കരാർ ലംഘിച്ച് ഹിസ്ബുള്ള; വടക്കൻ ഇസ്രയേലിൽ ഡ്രോൺ ആക്രമണം

ഹിസ്ബുള്ള വടക്കൻ ഇസ്രയേലിൽ നടത്തിയ ഡ്രോൺ ആക്രമണം |Photo: Screengrab X
ബെയ്‌റൂത്ത് : വെടിനിർത്തൽ കരാർ നിലനിൽക്കെ വടക്കൻ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം റിപ്പോർട്ട് ചെയ്തു. ലബനനിൽ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകൾ ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങളായ ഷോമേര, ഷ്ലോമി എന്നിവിടങ്ങൾക്ക് സമീപം പതിച്ചതായി സൈന്യം അറിയിച്ചു. ആർക്കും പരിക്കുകളില്ല. വാരാന്ത്യത്തിൽ നടന്ന രണ്ട് ആക്രമണങ്ങൾക്ക് പുറമെയാണ് ഞായറാഴ്ചത്തെ ഈ നീക്കം. തങ്ങളുടെ പൗരന്മാർക്ക് നേരെയുള്ള ഹിസ്ബുള്ളയുടെ ഭീഷണി അവസാനിപ്പിക്കാൻ സൈനിക നടപടികൾ തുടരുമെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് എക്സ് പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി.
ആദ്യ പ്രസ്താവനയിൽ, ഇസ്രായേൽ-ലബനൻ അതിർത്തിക്ക് സമീപം രണ്ട് സംശയാസ്പദമായ വിമാനങ്ങൾ പതിച്ചതായി സൈന്യം അറിയിച്ചിരുന്നു. പിന്നീട് മറ്റൊരു ശത്രു വിമാനം കൂടി ഇസ്രയേലിന്റെ വടക്കൻ അതിർത്തി കടന്നതായി സൈന്യം സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്‌റൂട്ടിലെ 'ദാഹിയ' തകർക്കണമെന്നും, ഓരോ ഡ്രോൺ ആക്രമണത്തിനും മിസൈൽ ഉപയോഗിച്ച് മറുപടി നൽകണമെന്നും നാഷണൽ സെക്യൂരിറ്റി മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ആവശ്യപ്പെട്ടു.
ഓരോ ഡ്രോണിനും ഓരോ മിസൈൽ, ഓരോ ലംഘനത്തിനും തിരിച്ചടി, ദാഹിയ വിറയ്ക്കണം എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ദാഹിയ തകർക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെടുന്നതായി ധനമന്ത്രി ബെസലേൽ സ്മോട്രിച്ചും അറിയിച്ചു. നേരത്തെയും ഇത്തരം മുന്നറിയിപ്പുകൾ നൽകിയിട്ടുള്ള നെതന്യാഹു, അമേരിക്കയുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്നു. അതേസമയം, വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും തെക്കൻ ലബനനിലെ 29 ഗ്രാമങ്ങളിലെ താമസക്കാർക്ക് ഇസ്രായേൽ സൈന്യം ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് സൈനിക നടപടികൾ വീണ്ടും ശക്തമാക്കാനുള്ള സൂചനയാണിത്.









0 comments