വെടിനിർത്തൽ കരാർ ലംഘിച്ചു; ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരണം പത്തായി

ഇസ്രയേൽ ലെബനനയിൽ നടത്തിയ വ്യോമാക്രമണം|Photo:Reuters
ബെയ്റൂത്ത് : ഇസ്രയേലും, ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ പുതിയ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് തിരിച്ചടിയെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ വാദം.
തെക്കൻ ലെബനനിലെ ടൈർ ജില്ലയിലുള്ള ബാരിഷിൽ മൂന്നുനില കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ പിതാവും മാതാവും രണ്ട് കുട്ടികളുമടക്കം കൊല്ലപ്പെട്ടു. കൂടാതെ, കഫാറുമൻ-നബതിയ റോഡിൽ വെച്ച് ഇസ്രയേൽ ആക്രമണത്തിൽ ഒരു ലെബനീസ് സൈനികനും കൊല്ലപ്പെട്ടു. ദക്ഷിണ ലെബനനിലെയും ബെക്കാ താഴ്‌വരയിലെയും വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും ആക്രമണം നടത്തിയതായി ലെബനൻ വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് വെടിനിർത്തൽ നിലവിൽ വന്നത്. എന്നാൽ, ദക്ഷിണ ലെബനനിൽ തങ്ങളുടെ സേനയ്ക്ക് നേരെ ഹിസ്ബുള്ള 50ലധികം റോക്കറ്റുകൾ പ്രയോഗിച്ചു, ഇതിനെത്തുടർന്നാണ് സൈനിക നടപടി സ്വീകരിച്ചതെന്നും ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു.
യുഎസും ഇറാനും തമ്മിൽ ഈയാഴ്ച ഒപ്പുവെച്ച സമാധാന കരാറിന്റെ ഭാഗമാണ് ലെബനനിലെ വെടിനിർത്തൽ. എന്നാൽ, കരാറിൽ ഭാഗമല്ലാത്ത ഇസ്രയേൽ, ലെബനനിലെ തങ്ങളുടെ സൈനിക നീക്കങ്ങളെ ഈ കരാർ തടസ്സപ്പെടുത്തുമെന്ന് ആശങ്കപ്പെടുന്നു. മാർച്ച് 2 മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 3,912 പേർ ലെബനനിൽ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. അതേസമയം, ഇസ്രയേൽ ഭാഗത്ത് 32 സൈനികരും നാല് സാധാരണക്കാരും കൊല്ലപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സമാധാന കരാറിന്റെ ഭാവി ഈ സംഭവവികാസങ്ങളോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.








0 comments