ഇസ്രയേൽ ആക്രമണം: യമനിൽ 35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്

സനാ: യമനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ആക്രമണത്തിൽ ഇതുവരെ 35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഖത്തറിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ യമനിലും ആക്രമണം നടത്തിയത്. ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിന് ശേഷം ജെറുസലേമിന് നേരെ ഹൂത്തികൾ മിസൈൽ വിക്ഷേപിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നു.
യമൻ തലസ്ഥാനമായ സനായിലും അൽ ജൗഫിലുമായിരുന്നു ആക്രമണം. ദോഹയിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് നേരെ യമൻ ബാലിസ്റ്റിക് മിസൈൽ തൊടുക്കുകയായിരുന്നു .ചാവു കടലിനോട് ചേർന്ന ജെറുസലേം പ്രദേശങ്ങളിലും വെസ്റ്റ്ബാങ്കിലെ സെറ്റില്‍മെൻ്റുകൾക്ക് സമീപവും മിസൈൽ തൊടുത്തതിന് പിന്നാലെ സൈറൺ മുഴങ്ങിയെന്നായിരുന്നു ഐഡിഎഫിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
മിസൈൽ തകർത്തതായും ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. ഹൂതികൾ തൊടുത്തുവിട്ട ഡ്രോണുകൾ ഇസ്രയേലി എയർഫോഴ്സ് തകർത്തതായും റിപ്പോർട്ടുണ്ടായിരുന്നു.ഇസ്രയേൽ ആക്രമണത്തിൽ 130ലധികം പേർക്ക് പരിക്കേറ്റെന്ന് യമനിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കി. സനയിലെ അൽ താഹ്‌റിർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വീടുകളിലും മറ്റുമാണ് ആക്രമണം നടന്നതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. തെക്ക് പടിഞ്ഞാറൻ സനയിലെ ആരോഗ്യകേന്ദ്രം തകർക്കാൻ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടന്നതെന്ന് ഹൂതികൾ നിയന്ത്രിക്കുന്ന മാസിറാഹ് ടിവി പറഞ്ഞു.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച്ചയായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.









0 comments