ഇറാൻ റവല്യൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു

തെഹ്‌റാൻ: യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കോപ്‌സ് (ഐആർജിസി) വക്താവ് കൊല്ലപ്പെട്ടു. പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടത്. ഒരാഴ്ച്ചയ്ക്കിടെ ഇറാനിൽ കൊല്ലപ്പെടുന്ന സുപ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് അലി മുഹമ്മദ് നൈനി. വ്യോമാക്രമണത്തിൽ ഇറാന്റെ സുരക്ഷ കൗൺസിൽ മേധാവി അലി ലാരിജാനി കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന് ഇനി ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാൻ സാധിക്കില്ലെന്നുമുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രതികരണത്തെ മരണത്തിന് മുമ്പ് നൈനി പരിഹസിച്ചിരുന്നു. യുദ്ധസമയത്തും ഇറാനിൽ മിസൈൽ ഉത്പാദനം മികച്ച നിലയിൽ നടക്കുന്നുണ്ട്. ആയുധ ശേഷിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നുമാണ് നൈനി അഭിപ്രായപ്പെട്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് സൈനിക വക്താവിന് നേർക്ക് യുഎസ്- ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം.
അതേസമയം യുഎസുമായി ചേർന്ന് ഇറാനെതിരെ കടന്നാക്രമണം തുടരുന്നതിനിടെ ഇറാനെ പരിഹസിച്ച് ബെന്യമിൻ നെതന്യാഹു രംഗത്തെത്തി. ഇറാൻ തകർന്നടിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഇറാനെ സ്വയം തകർക്കാനുള്ള ചുമതല വഹിക്കുന്നതെന്ന് ആരെന്ന് വ്യക്തമല്ലെന്നുമാണ് നെതന്യാഹു പറഞ്ഞത്.










0 comments