ഹോർമുസ് അമേരിക്കയ്ക്ക് 'മരണച്ചുഴി'യാകും; ഉപരോധത്തിനെതിരെ മുന്നറിയിപ്പുമായി ഇറാൻ

പ്രതീകാത്മക എഐ ചിത്രം
തെഹ്റാൻ : നാവിക ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് അമേരിക്കൻ നാവികസേനക്ക് ഒരു 'മരണച്ചുഴി'യായി മാറുമെന്ന് ഇറാൻ സൈനിക വക്താക്കൾ വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയാൻ ട്രംപ് ഭരണകൂടം നാവിക സേനയെ വിന്യസിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.
അതിർത്തികൾ സംരക്ഷിക്കാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്നും അമേരിക്കയുടെ ഏതൊരു പ്രകോപനപരമായ നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമാണെന്നും അവിടെ യുഎസ് സേനയെ വിന്യസിക്കുന്നത് ആഗോള സാമ്പത്തിക തകർച്ചക്ക് കാരണമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന്റെ എണ്ണ വരുമാനം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഉപരോധങ്ങൾ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി കടൽമാർഗമുള്ള വിതരണം തടയാനാണ് അമേരിക്കൻ നീക്കം.
ഇറാനും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിനുള്ള സാധ്യത വർധിപ്പിക്കുകയാണ്. ഇത് മേഖലയിലെ മറ്റ് രാജ്യങ്ങളെയും കടുത്ത ആശങ്കയിലാക്കുന്നു. അതേസമയം ഇറാൻ തുറമുഖങ്ങൾക്കെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു.









0 comments