സ്വകാര്യവൽക്കരണത്തിനെതിരെ ഐഎസ്‌ആർഒയിലെ 9 സംഘടനകൾ ചെയർമാന് കത്തു നൽകി

ബംഗളൂരു: ഇന്ത്യൻ സ്‌പേസ് റിസർച് ഓർഗനൈസേഷൻ (ഐഎസ്‌ആർഒ) സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്ഥാപനത്തിലെ സംഘടനകൾ രംഗത്ത്. സ്വകാര്യവൽക്കരണം സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്ന് കാണിച്ച് ഒമ്പത് സംഘടനകൾ ഐഎസ്‌ആർഒ ചെയർമാൻ വി നാരായണന് കത്തു നൽകി.
ഐഎസ്‌ആർഒയുടെ ഭാവി റോൾ എന്തായിരിക്കും, ജീവനക്കാർ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ, ഭാവിയിലെ നിയമനങ്ങൾ എന്നീ കാര്യങ്ങൾ സംബന്ധിച്ചാണ് സംഘടനകൾ പ്രധാനമായും ആശങ്ക ഉയർത്തിയത്. സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജീവനക്കാർ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും സംഘടനകൾ പരാതിപ്പെട്ടു.
തന്ത്രപ്രധാനമായ ഒരുമേഖലയിൽ വിജയകരമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് ഐഎസ്‌ആർഒ. ഐഎസ്‌ആർഒ വികസിപ്പിക്കുന്ന സാങ്കേതികവിദ്യ രാജ്യത്തിന്റെ പൊതുസ്വത്താണ്. സ്ഥാപനത്തിലെ മിടുക്കരായ ശാസ്‌ത്രജ്ഞർ അശ്രാന്ത പരിശ്രമത്തിലൂടെ കണ്ടെത്തുന്ന ഗവേഷണ ഫലങ്ങൾ സുരക്ഷിതവും സുതാര്യവും ഫലപ്രദവുമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതാണ്. സ്വകാര്യമേഖലയിലേക്ക് നൽകിയാൽ ഇൗ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ കഴിയുമോ എന്നതിൽ സംഘടനകൾ ആശങ്ക രേഖപ്പെടുത്തി. റിസർച് ആൻഡ് ഡെവലപ്‌മെന്റ് മാത്രം നടത്തുന്ന സ്ഥാപനമായി ഐഎസ്‌ആർഒ ഒതുങ്ങുന്നത് ശരിയല്ലെന്നും സംഘടനകൾ അഭിപ്രായപ്പെട്ടു.
പിഎസ്‌എൽവി, എൽവിഎം, എസ്‌എസ്‌എൽവി തുടങ്ങിയ പ്രധാന ഉപഗ്രഹങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, വിക്ഷേപണം തുടങ്ങിയ കാര്യങ്ങൾ ഐഎസ്‌ആർഒ തന്നെ നിർവഹിക്കുമോ അതോ സ്വകാര്യമേഖലയ്‌ക്ക് കൈമാറുമോ എന്നതിൽ വ്യക്തതയും സംഘടനകൾ ആവശ്യപ്പെട്ടു. സ്വകാര്യവൽക്കരണത്തോടെ നിയമനങ്ങളിൽ കുറവ് വരുമെന്നും അത് സ്റ്റാഫിന്റെ കുറവിന് ഇടയാക്കുമെന്നും ആശങ്ക രേഖപ്പെടുത്തി.
ഐഎസ്‌ആർഒ സ്‌റ്റാഫ് അസോസിയേഷൻ, ഷാർ എംപ്ലോയീസ് അസോസിയേഷൻ, ഐസാക് എംപ്ലോയീസ് അസോസിയേഷൻ, ഐഎസ്‌ആർഒ സ്‌റ്റാഫ് അസോസിയേഷൻ എൽപിഎസ്‌സി, ഐഎസ്‌ആർഒ സ്‌റ്റാഫ് അസോസിയേഷൻ ബിബിയു, എൻആർഎസ്‌എ എംപ്ലോയീസ് യൂണിയൻ, സ്‌പേസ് എംപ്ലോയീസ് അസോസിയേഷൻ ബിബിയു, ഐഎസ്‌ആർഒ സ്‌റ്റാഫ് അസോസിയേഷൻ ഐപിആർസി, എസ്‌എസി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളാണ് ചെയർമാന് കത്തു നൽകിയത്.










0 comments