ഗാന്ധിആശുപത്രി തകർത്തു
print edition കനത്ത നാശം ; തകർന്നടിഞ്ഞ് ഇറാന്റെ പ്രധാന നഗരങ്ങൾ

യുഎസ് ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി ആശുപത്രി
തെഹ്റാൻ
മൂന്നുദിവസമായി തുടരുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിൽ തകർന്നടിഞ്ഞ് ഇറാന്റെ പ്രധാന നഗരങ്ങൾ . ഇറാൻ റെഡ് ക്രസന്റ് സൊസൈറ്റി കണക്കനുസരിച്ച്, മരണസംഖ്യ 555 കവിഞ്ഞു. 130-ലധികം നഗരങ്ങളിൽ വ്യോമാക്രമണമുണ്ടായി. സൈനിക കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്‌ടമുണ്ടായതായി ഉപഗ്രഹ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പേർഷ്യൻ ഗൾഫ് തീരത്തുള്ള ബുഷെർ ആണവ നിലയത്തിന് നാശനഷ്‌ടമുണ്ടായതായും റിപ്പോർട്ടുണ്ട്. ആണവ പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങളായ ഇസ്‌ഫഹാൻ, നതാൻസ് എന്നിവിടങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശമുണ്ടായി.
വ്യോമസേനാ ഷെൽട്ടർ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ എന്നിവ തകർന്നു. കോനാരക് തുറമുഖ മേഖലയിലെ നാവികസേനാ കപ്പലുകൾക്ക് കേടുപാടുണ്ടായി. ഐആർജിസി ആസ്ഥാനം, ഇന്റലിജൻസ് മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ളവയ്‌ക്കും കനത്ത നാശനഷ്‌ടമുണ്ടായി.
ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ ആസ്ഥാനം തകർത്തതായി യുഎസ് അവകാശപ്പെട്ടു. ആയിരത്തിലധികം പ്രദേശങ്ങളിൽ ആക്രമണം നടത്തിയെന്നും അറിയിച്ചു. സ്‌ഫോടനങ്ങൾ രാജ്യത്തുടനീളം കെട്ടിടങ്ങളെ പിടിച്ചുകുലുക്കി. തെഹ്‌റാന് മുകളിൽ പുകപടലങ്ങൾ ഉയർന്നു.
ആശുപത്രികൾക്കും കനത്ത നാശനഷ്‌ടം
യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ നിരവധി ആശുപത്രികളും ആരോഗ്യസംവിധാനങ്ങളുമാണ് തകർന്നത്. തെഹ്റാൻ, ഇസഫഹാൻ, മറ്റ് പ്രധാന നഗരങ്ങൾ എന്നിവിടങ്ങളില ആശുപത്രി കെട്ടിടങ്ങൾക്ക് വ്യോമാക്രമണത്തിൽ നാശം സംഭവിച്ചു. വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും കാരണം പലയിടങ്ങളിലും ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കാനാകുന്നില്ല. ആംബുലൻസുകളും ആക്രമണത്തിനിരയായതായി റെഡ് ക്രസന്റ് അറിയിച്ചു.
ഗാന്ധി ആശുപത്രി തകർത്തു
യുഎസ്– ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെ ഗാന്ധി ആശുപത്രി തകർത്തു. നിരവധി പേർക്ക് പരിക്കേറ്റു. തകർന്ന ആശുപത്രിയുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. ഇറാനിലെ പ്രധാന ആശുപത്രിയാണിത്. മെഡിക്കൽ ടൂറിസ്റ്റുകൾ കൂടുതലായി വരുന്നയിടമാണ്. 2009-ൽ സ്ഥാപിതമായ ഈ ആശുപത്രി 32,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. 17 നിലകളിലായി ആശുപത്രി സേവനങ്ങളും 21 നിലകളിലായി ഹോട്ടലുകളുമുണ്ട്. വടക്കൻ തെഹ്‌റാനിലെ ഗാന്ധി സ്ട്രീറ്റിലാണ് ആശുപത്രി.

ഇസ്രയേൽ ലെബനനിൽ നടത്തിയ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്‌ബുള്ള സേനാംഗങ്ങളുടെ ബന്ധുക്കളുടെ വിലാപം
ബാഗ്‌ദാദിലും ഇസ്രയേൽ– യുഎസ് ആക്രമണം
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിന് തെക്ക് ജുർഫ് അൽ-സഖറിലെ ഇറാൻ അനുകൂല കതൈബ് ഹിസ്ബുള്ള ഗ്രൂപ്പിന്റെ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ– -യുഎസ് ആക്രമണം. വാഹനങ്ങളും വെയർഹൗസുകളും കത്തിനശിച്ചതായും വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
യുഎസുമായി ചർച്ചയ്‌ക്കില്ലെന്ന് ഇറാൻ
യുഎസുമായി ചർച്ച നടത്തില്ലെന്നും ട്രംപിന്റെ ഭ്രാന്തമായ ഭാവനകൾ പശ്‌ചിമേഷ്യയെ കുഴപ്പത്തിലാക്കിയെന്നും ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി. ഇറാൻ ഉദ്യോഗസ്ഥർ ട്രംപ് ഭരണകൂടവുമായി ചർച്ചയ്ക്ക് ശ്രമിച്ചെന്ന മാധ്യമ റിപ്പോർട്ടുകൾ ലാരിജാനി എക്‌സിലൂടെ നിഷേധിച്ചു.
ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നില്ലെന്ന് പെന്റഗൺ
യുഎസ് സൈന്യം ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നില്ലെന്ന് പെന്റഗൺ റിപ്പോർട്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയ ആക്രമണത്തിന് മുമ്പ്, ഇറാനെ ആക്രമിക്കാൻ യുഎസ് പദ്ധതിയിട്ടിരുന്നില്ലെന്ന് പെന്റഗൺ ഉദ്യോഗസ്ഥർ കോൺഗ്രസിനെ അറിയിച്ചു. ഇറാൻ മിസൈലുകളും അനുകൂല സംഘടനകളും യുഎസ് താൽപ്പര്യങ്ങൾക്ക് ഭീഷണിയാണെങ്കിലും, ഇറാൻ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിവരങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.











0 comments