print edition ഇറാൻ ഉറച്ചുനിന്നു; യുഎസ് വഴങ്ങി

ദോഹ/തെഹ്റാൻ: പരമാധികാരം ചോദ്യംചെയ്തുള്ള സാമ്രാജ്യത്വ ഭീഷണിക്ക് ഒരിഞ്ചുപോലും കീഴടങ്ങാത്ത ഇറാന്റെ നിലപാടിന് മുന്നിൽ ഒടുവിൽ അമേരിക്ക വഴങ്ങി. ദോഹയിലെ നിർണായക ചർച്ചയിൽ ഇറാന്റെ ആവശ്യങ്ങൾക്ക് യുഎസ് ഗത്യന്തരമില്ലാതെ സമ്മതംമൂളി. ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും ദ്രുതഗതിയിൽ തിരിച്ചടി നൽകുമെന്ന ഇറാൻ സായുധസേനുടെ ശക്തമായ താക്കീതിനു പിന്നാലെയാണ് ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ നടന്ന പരോക്ഷ ചർച്ച പൂർത്തിയായത്.
ഭീഷണിയുടെ ഭാഷയുമായി ചർച്ചയിൽ മേധാവിത്വം സ്ഥാപിക്കാൻ ശ്രമിച്ച യുഎസിന്റെ തന്ത്രങ്ങൾ ഇറാന്റെ മുന്നിൽ പരാജയപ്പെട്ടു. ഇറാൻ നിലപാടിൽ ഉറച്ചുനിന്നതോടെ യുഎസിന് കടുംപിടുത്തങ്ങൾ ഉപേക്ഷിക്കേണ്ടിവന്നതായി തീരുമാനങ്ങൾ വ്യക്തമാക്കുന്നു. ഇറാനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാൻ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകാൻ യുഎസ് സമ്മതിച്ചു. ഖത്തറിലെ ബാങ്കിലുള്ള ഇറാന്റെ 600 കോടി ഡോളറിന്റെ ആസ്തിയിൽ ആദ്യഘട്ടമായി 300 കോടി അടിയന്തര ഭക്ഷ്യ-–വൈദ്യശാസ്ത്ര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതിയായി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യക്കപ്പലുകൾ തങ്ങൾ നിശ്ചയിച്ച സുരക്ഷിത സമുദ്രപാത തന്നെ ഉപയോഗിക്കണമെന്നും മറ്റുപാതകൾ അംഗീകരിക്കില്ലെന്നുമുള്ള ഇറാന്റെ പ്രഖ്യാപനത്തിൽ മാറ്റമില്ല. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നത് തടയാനും ഉടനടി റിപ്പോർട്ട് ചെയ്യാനുമായി പ്രത്യേക ആശയവിനിമയ ചാനൽ സ്ഥാപിക്കാനും തീരുമാനമായി. അതേസമയം, ഇറാന്റെ ആണവപദ്ധതി പ്രധാനചർച്ചയാക്കാനുള്ള അമേരിക്കയുടെ നീക്കം വിജയിച്ചില്ല. ഇതുസബന്ധിച്ച് തുടർന്നുള്ള ചർച്ചകളിൽ തീരുമാനമെടുക്കുമൈന്നാണ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രതികരിച്ചത്.
ജൂൺ 17-ന് ഒപ്പുവച്ച താൽക്കാലിക ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് സംബന്ധിച്ചാണ് ദോഹയിൽ യുഎസ്–ഇറാൻ പരോക്ഷ ചർച്ച നടന്നത്. അമേരിക്ക കരാർ ലംഘനം നടത്തി പ്രകോപനം സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ നേരിട്ടുള്ള ചർച്ചകൾ അസാധ്യമാണെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.









0 comments