ബ്രിക്സ് ഉച്ചകോടിയിൽ ഇറാൻ യുഎഇ വാക്പോര്; പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ സമവായമില്ലാതെ അംഗരാജ്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇറാനും യുഎഇയും തമ്മിലുള്ള വാക്പോരിന് വേദിയായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായാണ് റിപ്പോർട്ടുകൾ.
യുദ്ധത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇയിൽ രഹസ്യ സന്ദര്‍ശനം നടത്തിയതായുള്ള വിവരം പുറത്തെത്തിയതിൽ തുടങ്ങിയ ഉരസൽ രൂക്ഷമായി. യോഗത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
ഇസ്രായേലും അമേരിക്കയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്നും ഇറാൻ "അനധികൃത വിപുലീകരണവാദത്തിന്റെയും യുദ്ധക്കൊതിയുടെയും" ഇരയാണെന്നും അബ്ബാസ് അരാഗ്‌ചി ആരോപിച്ചു. പാശ്ചാത്യ മേധാവിത്വത്തെ ചെറുക്കാൻ ബ്രിക്സ് രാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യുഎഇ മന്ത്രി ഖലീഫ ഷഹീൻ അൽ മരാർ രൂക്ഷമായി വിമർശിച്ചു. എന്നാൽ ഇതിന് മറുപടിയായി, തങ്ങൾക്കെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് യുഎഇ മണ്ണ് വിട്ടുനൽകുകയാണെന്ന് ഇറാൻ ആരോപിച്ചു.
ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെച്ചൊല്ലി കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്ന് പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ ബ്രിക്സിന് ഇതുവരെ സാധിച്ചിട്ടില്ല.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ കൂട്ടായ്മ 2024-ൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ എന്നിവരെ ഉൾപ്പെടുത്തി വിപുലീകരിച്ചിരുന്നു. 2025-ൽ ഇന്തോനേഷ്യയും അംഗമായി. അംഗരാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് ഒരു സംയുക്ത പ്രഖ്യാപനം നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇറാനും യുഎഇയും തമ്മിലുള്ള ഭിന്നത ബ്രിക്സിന്റെ ഐക്യത്തിന് വലിയൊരു പരീക്ഷണമായി മാറിയിരിക്കുന്നതായാണ് റിപ്പോര്‍ടുകൾ.










0 comments