'ശത്രുക്കളെ അറബിക്കടലിലേക്ക് തുരത്തി, ഏത് വെല്ലുവിളിയേയും നേരിടാൻ ഇറാൻ സജ്ജം': മൊജ്തബ ഖമനേയി

തെഹ്റാൻ: ഇറാനിൽനിന്നും ശത്രുക്കളെ സൈന്യം അറബിക്കടലിലേക്ക് തുരത്തിയെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. ശത്രുക്കളുടെ ഏത് വെല്ലുവിളിയേയും നേരിടാൻ ഇറാന്റെ സായുധ സേനയും ജനങ്ങളും സജ്ജരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ 'സേക്രഡ് ഡിഫൻസ് വീക്ക്', ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്രല്ലയുടെ ചരമവാർഷികം എന്നിവയോടനുബന്ധിച്ചാണ് ഈ സന്ദേശം പുറപ്പെടുവിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മൊജ്തബ ഖമനേയി പ്രസ്താവന നടത്തുന്നത്.
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ഹോർമുസ് കടലിടുക്കിലെ അവകാശവാദമുൾപ്പെടെ രാജ്യത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കാൻ ഇറാനിലെ വിവിധ ജനവിഭാഗങ്ങൾ ഒറ്റക്കെട്ടാണെന്ന് ഖമേനി അവകാശപ്പെട്ടു. മുൻകാലങ്ങളിൽ അട്ടിമറികളിലൂടെ രാജ്യത്തെ ബലഹീനമാക്കാൻ വിദേശ ശക്തികൾ ശ്രമിച്ചിട്ടുണ്ടെന്നും, എന്നാൽ ആ പഴയ നാളുകൾ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക ഉപരോധം അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇറാൻ സംയുക്ത സൈനിക മേധാവി ജനറൽ അമീർ ഹതാമി അറിയിച്ചിരുന്നു. കനത്ത പ്രഹരമേറ്റ ശത്രു, ഇനിയും ശക്തമായ പ്രഹരങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണം. ഹോർമുസ് തുറക്കുന്നതിനായി മുന്നോട്ടുവച്ച ഏഴു ദിവസത്തെ നിർദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
വ്യവസ്ഥകളിൽനിന്ന് പിന്നോട്ടില്ലെന്നും പറഞ്ഞു. അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നത് വിശ്വാസയോഗ്യമല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. ഓരോ ഘട്ട ചർച്ചകൾക്ക് ശേഷവും കൂടുതൽ ആക്രമണങ്ങളും ഉപരോധങ്ങളുമാണ് അമേരിക്ക നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ അമേരിക്ക കടുത്ത പ്രതിസന്ധിയിലാണെന്നും വീണ്ടും ആക്രമണത്തിന് മുതിർന്നാൽ ശക്തമായി നേരിടുമെന്നും ഇറാൻ ആർമി വക്താവ് മുഹമ്മദ് അക്രാമിനിയ മുന്നറിയിപ്പ് നൽകി.








0 comments