Deshabhimani

പുതിയ വൻപയർ വിത്തുകൾ പുറത്തിറക്കി പട്ടാമ്പി പ്രാദേശിക 
കാർഷിക ഗവേഷണ കേന്ദ്രം

പ്രിയപ്പെട്ടവരാകാൻ അപൂർവയും ശ്രീനന്ദയും

payar
avatar
സായൂജ്‌ ചന്ദ്രൻ

Published on Sep 28, 2026, 10:26 PM | 1 min read

പാലക്കാട്‌

കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന പുതിയ രണ്ടിനം വൻപയർ വിത്തുകൾ പുറത്തിറക്കി പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം. കെഎയു അപൂർവ, കെഎയു ശ്രീനന്ദ എന്നിങ്ങനെയാണ്‌ പേരുകൾ. അഖിലേന്ത്യാ ഏകോപിത പയറുവർഗ വിള ഗവേഷണ പദ്ധതിയിലൂടെ ഉത്തരാഖണ്ഡ്‌ പന്ത്‌ നഗർ സർവകലാശാലയുടെ സഹകരണത്തോടെയാണ്‌ വിത്തുകൾക്ക്‌ രൂപംനൽകിയത്‌. ചുവപ്പ്‌ കലർന്ന തവിട്ട്‌ നിറമുള്ള കുറ്റിപ്പയറാണ്‌ "അപൂർവ'. 45 ദിവസത്തിൽ പൂവിടുന്ന ഇവ 75 ദിവസംകൊണ്ട്‌ മൂപ്പെത്തും. ഉയർന്ന തോതിലുള്ള മാംസ്യം, ആന്തോസയായനിൻ, കുറഞ്ഞ അളവിലുള്ള ടാനിൻ എന്നിവ പ്രത്യേകതകൾ. ഒരു ഹെക്ടറിൽ 1.8 മുതൽ 2.1 ടൺവരെ വിളവ്‌ നൽകും. നെൽകൃഷിക്കുശേഷം തരിശായ വയലുകളിലും മറ്റ്‌ കൃഷികൾക്കിടയിൽ ഇടവിളയായും കൃഷി ചെയ്യാം. വേര്‌ ചീയലിനെതിരെ പ്രതിരോധിക്കാൻ പ്രത്യേക ശേഷിയുണ്ട്‌. കേരളത്തിലെ വേനൽക്കാലത്ത്‌ ധൈര്യമായി കൃഷി ചെയ്യാൻ സാധിക്കുന്ന ഇനമാണ്‌ "ശ്രീനന്ദ'. 35 ദിവസത്തിൽ പൂവിട്ട്‌ 55 ദിവസത്തിനുള്ളിൽ മൂപ്പെത്തും. രണ്ടാംവിളയിൽ 45 ദിവസത്തിൽ പൂവിട്ട്‌ 65 ദിവസത്തിൽ മൂപ്പെത്തും. കുറഞ്ഞ അളവിലുള്ള കൊഴുപ്പ്‌ ശ്രീനന്ദയെ മറ്റ്‌ ഇനങ്ങളിൽനിന്ന്‌ വ്യത്യസ്തമാക്കുന്നു. ഒരു ഹെക്ടറിൽ 1.2 ടൺ വിളവെടുക്കാൻ സാധിക്കും. പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. റോഷ്‌ണി വിജയൻ, ഡോ. എസ്‌ എം പുരുഷോത്തമൻ, പന്ത്‌ നഗറിലെ ഡോ. എൻ കെ ന‍ൗട്ടിയാൽ, ഡോ. ബി ബി സിങ്‌ എന്നിവരാണ്‌ വിത്തുകൾക്ക്‌ രൂപംനൽകിയത്‌. ഗവേഷണ കേന്ദ്രത്തിൽ കൃഷി ചെയ്‌തെടുക്കുന്ന വിത്തുകൾ ഡിസംബറിൽ കർഷകരിലേക്ക്‌ എത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home