print edition ഫുജൈറ എണ്ണ ടെര്‍മിനലില്‍ നാശനഷ്ടം

യുഎഇയിലെ ഫുജൈറ തുറമുഖത്തെ എണ്ണ ടെര്‍മിനലില്‍ ഇറാന്‍ ആക്രമണത്തില്‍ തീപിടിച്ചപ്പോള്‍
അനസ് യാസിന്‍
Published on Mar 15, 2026, 12:51 AM | 1 min read
മനാമ : യുഎഇയിലെ ഫുജൈറ തുറമുഖത്തെ പ്രധാന എണ്ണ ടെര്‍മിനലുകൾ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ വൻ നാശനഷ്‌ടം. പ്രതിരോധസേന തകർത്ത ഡ്രോണിന്റെ അവശിഷ്‌ടങ്ങൾ വീണ് വൻ തീപിടിത്തമുണ്ടായി. എണ്ണ കയറ്റുമതി ഭാഗികമായി തടസ്സപ്പെട്ടു. ഖാര്‍ഗ് ദ്വീപില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ അമേരിക്കന്‍ താവളങ്ങള്‍ നിയമാനുസൃതമായ ലക്ഷ്യങ്ങളാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോർ വ്യക്തമാക്കിയിരുന്നു. യുഎഇയുടെ തുറമുഖ മേഖലകളില്‍നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
ഇറാൻ ആക്രമണത്തിൽ പ്രവര്‍ത്തനം തടസ്സപ്പെടുന്ന രണ്ടാമത്തെ എണ്ണ ടെര്‍മിനലാണിത്. ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് തീപിച്ച റുവൈസ് റിഫൈനറി കഴിഞ്ഞ ചൊവ്വാഴ്ച അബുദാബി പെട്രോളിയം കമ്പനി അഡ്‌നോക് താല്‍ക്കാലികമായി അടച്ചുപൂട്ടി. ശനിയാഴ്ച 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തകര്‍ത്തതായി യുഎഇ അറിയിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയും റിയാദും ലക്ഷ്യമാക്കിവന്ന 20 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സൗദി പ്രതിരോധ സേന വെടിവെച്ചിട്ടു.
റിയാദിന് സമീപമുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ് ലക്ഷ്യമാക്കിയാണ് മിസൈല്‍ എത്തിയത്. ഖത്തറും കുവൈത്തും തങ്ങളുടെ വ്യോമപരിധി ലംഘിച്ചെത്തിയ മിസൈലുകളും ഡ്രോണുകളും തകര്‍ത്തെന്ന് അറിയിച്ചു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ്.










0 comments