print edition കരാറിലെ നിർദേശങ്ങൾ പരിശോധിക്കുകയാണെന്ന് ഇറാൻ

തെക്കൻ ലെബനനിലെ നബാത്തിയ ടൗണില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായപ്പോള്‍
തെഹ്‌റാൻ: സമാധാന കരാറിനായി യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങൾ അവലോകനം ചെയ്യുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഇസ്‌മായിൽ ബാഗേയി. കരാർ ഉടൻ രൂപീകരിച്ചില്ലെങ്കിൽ ബോംബ് വർഷിക്കുമെന്ന ട്രംപിന്റെ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറക്കാത്തതിനെ തുടർന്ന് അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 101.78 ഡോളറായി തുടരുകയാണ്.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന വാർത്ത വന്നതിന് പിന്നാലെ കുതിച്ചുയർന്ന് വിപണി. ജപ്പാൻ, ഹോങ്കോങ്, ഓസ്‌ട്രേലിയ, തായ്‌വാൻ എന്നിവിടങ്ങളിൽ ഓഹരി വിപണി കുതിച്ചു.
13 ഇന്ത്യൻ കപ്പലുകൾ കുടുങ്ങി
ന്യൂഡൽഹി: പേർഷ്യൻ കടലിടുക്കിൽ 13 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യമന്ത്രാലയം. 11 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് വിട്ടതായും വിദേശകാര്യവക്താവ് രൺധിർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കപ്പലുകൾക്ക് സുഗമമായ സഞ്ചാരം ഉറപ്പാക്കാനായി ഇറാനുമായി നയതന്ത്രസംഭാഷണങ്ങൾ തുടരുന്നുണ്ട്.
മേഖലയിലുള്ള ഇന്ത്യൻ കപ്പലുകൾ സുരക്ഷിതരാണെന്നും കഴിഞ്ഞ 48 മണിക്കൂറിനിടെ ഇന്ത്യൻ കപ്പലുകൾക്കുനേരെ നീക്കങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‍തിട്ടില്ലെന്നും ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം അമേരിക്കൻ ഉപരോധം മറികടക്കാനായി ചില ഇറാനിയൻ കപ്പലുകൾ ഇന്ത്യൻ ജലാതിർത്തി ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിൽ പ്രതികരിക്കേണ്ടത് ഷിപ്പിങ് മന്ത്രാലയമാണെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.










0 comments