ഖമ്നേയിയുടെ തകർന്ന ഔദ്യോഗിക വസതി; യുഎസ്-ഇസ്രയേൽ ഭീകരതയുടെ നേർസാക്ഷ്യം

ഖമ്നേയിയുടെ തെഹ്‌റാനിലെ ഔദ്യോഗിക വസതിക്കുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ | Screen grab from X
തെഹ്‌റാൻ : അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ കടന്നാക്രമണത്തിൽ ഇറാന്റെ മുൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമ്നേയിയുടെ തെഹ്‌റാനിലെ ഔദ്യോഗിക വസതിക്കുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിക്കുന്ന ചടങ്ങുകളോട് അനുബന്ധിച്ചാണ് ആദ്യമായി ഈ ദൃശ്യങ്ങൾ ലോകത്തിന് മുന്നിലെത്തുന്നത്. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമ്നേയി കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ 14 മാസം പ്രായമുള്ള കൊച്ചുമകൾ ഉൾപ്പെടെ കുടുംബത്തിലെ നിരപരാധികളായ അംഗങ്ങളും അന്ന് വധിക്കപ്പെട്ടു.
തെഹ്‌റാനിലെ വസതിക്കുള്ളിൽ ഖമ്നേയി പ്രധാനപ്പെട്ട യോഗങ്ങൾ ചേർന്നിരുന്ന ഇമാം ഖൊമേനി ഹുസൈനിയ എന്ന പ്രധാന ഹാൾ സാമ്രാജ്യത്വ ആക്രമണത്തിൽ പൂർണമായും തകർന്നടിഞ്ഞതായി 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. തകർന്നുവീണ കെട്ടിടഭാഗങ്ങളും വളഞ്ഞുപോയ ഇരുമ്പ് ബീമുകളും വലിയ അവശിഷ്ടങ്ങളുടെ കൂമ്പാരവും ആക്രമണത്തിന്റെ ദാരുണമായ തീവ്രത വെളിപ്പെടുത്തുന്നതാണ്.
ആക്രമണത്തിൽ ഇറാന്റെ പുതിയ പരമാധികാര നേതാവായി ചുമതലയേറ്റ അദ്ദേഹത്തിന്റെ മകൻ മൊജ്തബ അലി ഖമ്നേയിക്കും പരിക്കേറ്റിരുന്നു. വടക്കുകിഴക്കൻ ഇറാനിലെ ഖമ്നേയിയുടെ ജന്മനാടായ മഷാദിൽ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് ഈ ദൃശ്യങ്ങൾ ജനങ്ങളിലേക്ക് എത്തിയത്. തെഹ്‌റാൻ, ഖോം എന്നിവടങ്ങൾക്ക് പുറമെ ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവടങ്ങളിലൂടെ ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രയ്ക്ക് ശേഷമാണ് മൃതദേഹം മഷാദിൽ എത്തിച്ചത്. നജാഫിലും കർബലയിലും ദശലക്ഷക്കണക്കിന് ജനങ്ങളാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ തടിച്ചുകൂടിയത്.
അമേരിക്ക പശ്ചിമേഷ്യയിൽ വീണ്ടും ഏകപക്ഷീയമായി യുദ്ധം അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ ലംഘിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിന്റെ പേരുപറഞ്ഞ് അമേരിക്ക ബുധനാഴ്ച ഇറാനിൽ വീണ്ടും വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.
ഇറാന്റെ തെക്കൻ തീരത്തെ സിവിലിയൻ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ടുണ്ടായ ഈ അമേരിക്കൻ ആക്രമണം കടുത്ത നാശനഷ്ടങ്ങൾക്കും വൈദ്യുതി തടസ്സത്തിനും കാരണമായി. സാമ്രാജ്യത്വ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വ്യാഴാഴ്ചയോടെ ഇറാൻ പ്രതിരോധം ശക്തമായിട്ടുണ്ട്. യുഎസ് നാവികസേനയുടെ ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനമുള്ള ബഹ്‌റൈനിലും കുവൈത്തിലുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഐആർജിസി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ധിക്കാരപരമായ കടന്നാക്രമണങ്ങൾ പശ്ചിമേഷ്യയെ വീണ്ടുമൊരു വലിയ യുദ്ധഭൂമിയാക്കി മാറ്റുകയാണെന്ന ആശങ്ക ശക്തമാണ്.










0 comments