ad
Deshabhimani

അമേരിക്കയുടെ ഉപാധികൾ തള്ളി ഇറാൻ; പകരം അഞ്ച് ആവശ്യങ്ങൾ

Masoud Pezeshkian Donald Trump

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്

വെബ് ഡെസ്ക്

Published on Mar 25, 2026, 10:36 PM | 1 min read

തെഹ്റാൻ/ വാഷിങ്ടൺ ഡി സി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിൽ തിരിച്ചടികൾ നേരിട്ടതോടെ ഇറാന് മുന്നിൽ കീഴടങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമാധാനം സ്ഥാപിക്കാൻ 15 ഇന ഉപാധികൾ ഇറാന് മുന്നിൽ അമേരിക്ക വെച്ചു. എന്നാൽ ഈ നിർദേശങ്ങൾ തള്ളിയ ഇറാൻ പകരം തങ്ങളുടെ അഞ്ച് ഉപാധികൾ മുന്നോട്ടുവെച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ട്രംപ് തീരുമാനിക്കുമ്പോഴല്ല. ഇറാൻ നിശ്ചയിക്കുമ്പോഴാണ് ഇപ്പോഴത്തെ യുദ്ധം അവസാനിക്കുക എന്ന് മുതിർന്ന രാഷ്ട്രീയ-സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. വെറുമൊരു വെടിനിർത്തലല്ല, മറിച്ച് യുദ്ധം പൂർണമായും അവസാനിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്:


ശത്രുപക്ഷത്തുനിന്നുള്ള എല്ലാത്തരം "ആക്രമണങ്ങളും വധശ്രമങ്ങളും" പൂർണമായും അവസാനിപ്പിക്കുക, ഇറാന് മേൽ വീണ്ടും ഒരു യുദ്ധം അടിച്ചേൽപ്പിക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക, യുദ്ധത്തിന്റെ നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പുനൽകുകയും തുക കൃത്യമായി നിർവചിക്കുകയും ചെയ്യുക, മേഖലയിലെ എല്ലാ പ്രതിരോധ ഗ്രൂപ്പുകളെയും ഉൾപ്പെടുത്തിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിന്മേൽ അധികാരം പ്രയോഗിക്കാനുള്ള ഇറാന്റെ പരമാധികാര അവകാശത്തിന് അന്താരാഷ്ട്ര അംഗീകാരവും സംരക്ഷണവും നൽകുക.- എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച ഉപാധികൾ.


അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം നിയന്ത്രണാതീതമാണെന്നും ലോകം ഒരു വലിയ യുദ്ധത്തിന്റെ നിഴലിലാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇസ്രായേലും തയ്യാറാകേണ്ട അവസാന സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷത്തിന്റെ ഭാഗമല്ലാത്ത അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് നിർത്താൻ അദ്ദേഹം ഇറാനോടും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home