ഇറാൻ യുറേനിയം ശേഖരം ഉപേക്ഷിക്കാൻ സമ്മതിച്ചെന്ന് യുഎസ് മാധ്യമങ്ങൾ, മൗനം തുടര്‍ന്ന് ഇറാൻ

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകളുടെ ഭാഗമായി ഇറാൻ തങ്ങളുടെ പക്കലുള്ള അതീവ സമ്പുഷ്ട യുറേനിയം ശേഖരം ഉപേക്ഷിക്കാൻ തത്വത്തിൽ സമ്മതിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട്. ശത്രുത അവസാനിപ്പിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള കരാറിനോട് ഇരുരാജ്യങ്ങളും അടുത്തു കൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട് പുറത്തുവിട്ടത്. വാര്‍ത്തകൾ ഇറാൻ ശരിവെച്ചിട്ടില്ല. നിഷേധ കുറിപ്പുകളും ഉണ്ടായിട്ടില്ല.
ഇറാനുമായി ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏത് സമാധാനക്കരാറിന്റെയും പ്രധാന നിബന്ധന യുറേനിയം യു എസിന് കൈമാറുക എന്നതായിരിക്കുമെന്ന് വൈറ്റ് ഹൗസിൽ വാർത്താലേഖകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു. യുറേനിയം വിഷയത്തിൽ ഇസ്രയേൽ സമ്മര്‍ദ്ദം കടുപ്പിക്കുകയും ശേഖരം കൈവിടില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ച് നിൽക്കയും ചെയ്തതോടെയാണ് ട്രംപ് കഴിഞ്ഞ ദിവസം ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്. ഇടക്കാലത്ത് യുറേനിയം വിഷയത്തിൽ ട്രംപ് അയഞ്ഞ നിലപാടാണ് എടുത്തിരുന്നത്. യുറേനിയം നശിപ്പിച്ചു കഴിഞ്ഞെന്നും അത് ഗൗരവതരമായ വിഷമല്ലെന്നും ആയിരുന്നു പ്രതികരണം. പക്ഷേ ഇസ്രയേൽ ഇക്കാര്യത്തിൽ തങ്ങൾക്കെതിരായി ഭാവിയിൽ ഉണ്ടായേക്കാവുന്ന ആണവായുധ ഭീഷണി മുൻനിര്‍ത്തി നിലപാട് കടുപ്പിച്ചു.
ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ യുറേനിയം കൈമാറ്റം ധാരണയായതായി പുതിയ വാര്‍ത്ത പുറത്തെത്തുന്നത്. ആണവ ശേഖരം രാജ്യത്തിന് പുറത്തേക്ക് അയക്കരുതെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമേനി നേരത്തെ ഉത്തരവിട്ടിരുന്ന സാഹചര്യത്തിൽ, ഇറാന്റെ ഈ പുതിയ നീക്കം ചർച്ചകളിൽ വലിയൊരു മാറ്റമായി വിലയിരുത്തപ്പെടുന്നു. അപ്പോഴും ഇറാൻ പതിവ് പോലെ മൗനം തുടരുകയും ചെയ്യുന്നു.
Related News
എന്താണ് ഇപ്പോഴത്തെ ധാരണ
യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ സമ്മതിച്ചെങ്കിലും, ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ശേഖരം മറ്റൊരു രാജ്യത്തേക്ക് മാറ്റണമോ, അതോ വീര്യം കുറച്ച് ഉപയോഗശൂന്യമാക്കണോ എന്നതിനെക്കുറിച്ച് അടുത്ത ഘട്ട ആണവ ചർച്ചകളിൽ മാത്രമേ തീരുമാനമുണ്ടാകൂ.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ കണക്കനുസരിച്ച്, ഇറാൻ്റെ പക്കൽ നിലവിൽ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാമോളം യുറേനിയം ശേഖരമുണ്ട്. ഇത് ആണവായുധം നിർമിക്കാൻ ആവശ്യമായ 90 ശതമാനം ശുദ്ധതയിലേക്ക് വളരെ പെട്ടെന്ന് എത്തിക്കാൻ സാധിക്കുന്ന ഒന്നാണ്. ഒന്നിലധികം ആണവ ബോംബുകൾ നിർമിക്കാൻ ഈ ശേഖരം മതിയെന്നാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും വിലയിരുത്തൽ. എട്ട് എന്നും വിലയിരുത്തലുകളുണ്ട്.
തർക്കങ്ങളും അമേരിക്കയുടെ സമ്മർദവും
ഈ യുറേനിയം ശേഖരത്തെക്കുറിച്ചുള്ള തീരുമാനം ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് മാറ്റിവെക്കാനാണ് ഇറാൻ താല്പര്യപ്പെട്ടിരുന്നത്. എന്നാൽ പ്രാഥമിക കരാറിൽ തന്നെ ഇറാൻ ഇതിൽ ഉറപ്പ് നൽകണമെന്ന നിലപാടിലേക്ക് അമേരിക്ക മാറി. ഇതിൽ വീഴ്ച വരുത്തിയാൽ ചർച്ചകൾ തകരുമെന്നും സൈനിക നീക്കം പുനരാരംഭിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നൽകയും ചെയ്തിരുന്നു.
ഇറാനിലെ ഇസ്ഫഹാനിലുള്ള ഭൂഗർഭ ആണവ നിലയത്തിന് നേരെ കഴിഞ്ഞ വർഷം അമേരിക്ക ടോമാഹോക്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇവിടെയുള്ള യുറേനിയം ശേഖരം ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് തകർക്കാനും, ആവശ്യമെങ്കിൽ യുഎസ്-ഇസ്രായേൽ സംയുക്ത കമാൻഡോ ഓപ്പറേഷനിലൂടെ അത് പിടിച്ചെടുക്കാനും വരെ ട്രംപ് ഭരണകൂടം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2015-ലെ ആണവ കരാർ (JCPOA) പ്രകാരം ഇറാൻ തങ്ങളുടെ യുറേനിയം ശേഖരത്തിന്റെ വലിയൊരു പങ്ക് റഷ്യക്ക് കൈമാറിയിരുന്നു. അതുപോലെ ഇത്തവണയും മറ്റൊരു മൂന്നാം കക്ഷിക്ക് കൈമാറുക എന്ന നിര്‍ദ്ദേശം നിലനിൽക്കുന്നുണ്ട്. യുറേനിയത്തിന്റെ സമ്പുഷ്ടീകരണ നിരക്ക് കുറച്ച് അതിനെ ആയുധ നിർമാണത്തിന് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലാക്കുക എന്ന നിര്‍ദ്ദേശവും നിലനിൽക്കുന്നു.
കരാർ പൂർത്തിയാകുന്നതോടെ വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ആസ്തികൾ തിരികെ നൽകാനും വ്യവസ്ഥയുണ്ട്. എന്നാൽ, പുനർനിർമാണത്തിനുള്ള പണം ആണവ കരാർ പൂർണ്ണമായി ഒപ്പുവെച്ചതിന് ശേഷം മാത്രമേ ഇറാനു ലഭിക്കൂ.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ശക്തമായ ആക്രമണത്തെത്തുടർന്നാണ് ഇപ്പോഴത്തെ സംഘർഷം കടുത്തത്. ഈ ആക്രമണത്തിൽ ഇറാന്റെ അന്നത്തെ പരമോന്നത നേതാവ് ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഇറാൻ ഇസ്രായേലിന് നേരെയും, യുഎസ് സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങൾക്ക് നേരെയും മിസൈൽ ആക്രമണം നടത്തി.










0 comments