അമേരിക്ക ഉപരോധം നീക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; മുട്ടുമടക്കാതെ ഇറാന്‍

ഡൊണാൾഡ് ട്രംപ് (ഇടത്), മോജ്തബ ഖമനേയി (വലത്)
തെഹ്‌റാന്‍: ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കിയാല്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡര്‍ ആമിര്‍ സയ്യിദ് ഇരവാണി. എന്നാല്‍ പുതിയ ചര്‍ച്ചകള്‍ക്ക് മുമ്പ് അമേരിക്ക അന്താരാഷ്ട്ര നിയമലംഘനങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
യുഎന്‍ സെക്രട്ടറി ജനറലിന് അയച്ച കത്തിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ഏത് സാഹചര്യം നേരിടാനും ഇറാന്‍ സജ്ജമാണ്. സൈനിക ആക്രമണത്തിന് തുടക്കമിടുന്നത് ഞങ്ങളാവില്ല. രാഷ്ട്രീയ പരിഹാരത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ സഹകരിക്കാൻ തയ്യാറാണ്.
എന്നാൽ യുദ്ധമാണ് അവരുടെ ലക്ഷ്യമെങ്കിൽ തിരിച്ചടിക്കാനും ഇറാൻ മടിക്കില്ലെന്നും ആമിർ സയ്യിദ് ഇരവാണി പറഞ്ഞു. അമേരിക്ക പിടിച്ചെടുത്ത 'ടൗസ്‌ക' കപ്പൽ ഉടൻ വിട്ടുനൽകണമെന്നും ഇറാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനെതിരായ നീക്കത്തിൽ രണ്ടാഴ്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഹോർമൂസ് കടലിടുക്കിൽ നാവികസേനയുടെ ഉപരോധം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം വീണ്ടും കനക്കുന്നത്. ഉപരോധം നീക്കിയാൽ മാത്രമേ ഇസ്ലാമാബാദിൽ വച്ച് നടക്കാനിരിക്കുന്ന ചർച്ചകളിൽ പങ്കെടുക്കൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.











0 comments