'ആക്രമിക്കാൻ തുനിഞ്ഞാൻ നിർണായകമായ മറുപടി നേരിടേണ്ടി വരും'; ഇസ്രയേലിനും അമേരിക്കയ്ക്കും ഇറാന്റെ മുന്നറിയിപ്പ്

മസൂദ് പെസഷ്കിയാൻ
തെഹ്റാൻ: അമേരിക്കയും ഇസ്രയേലും യൂറോപ്പും രാജ്യത്തിനെതിരെ സമ്പൂർണയുദ്ധം ആരംഭിച്ചിരിക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ പരാമർശം.
"എന്റെ അഭിപ്രായത്തിൽ നമ്മൾ അമേരിക്കയ്ക്കും ഇസ്രായേലിനും യൂറോപ്പിനുമെതിരായ ഒരു പൂർണ യുദ്ധത്തിലാണ്. നമ്മുടെ രാജ്യം സ്വന്തം നിലയിൽ നിൽക്കുന്നത് അവർ ആഗ്രഹിക്കുന്നില്ല."- പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് ശനിയാഴ്ച നൽകിയ അഭിമുഖത്തിൽ പെസെഷ്കിയാൻ പറഞ്ഞു.
രാജ്യത്തിന്റെ സൈന്യം ഏറ്റവും കരുത്തോടെയാണ് പ്രവർത്തിക്കുന്നത്. ആയുധക്കരുത്തിലും മനുഷ്യവിഭവശേഷിയിലും യു എസിനേയും ഇസ്രയേലിനെയും തോൽപ്പിക്കുന്ന കരുത്തുണ്ട്. ഇറാനെ ആക്രമിക്കാനാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ, സ്വാഭാവികമായും കൂടുതൽ നിർണായകമായ മറുപടി നേരിടേണ്ടി വരും. നിലവിലെ ഈ യുദ്ധം മുൻകാങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുകയാണെന്നാണ് അമേരിക്കയും സഖ്യകക്ഷികളും നിരന്തരം ആരോപിക്കുന്നുണ്ട്. എന്നാൽ ഇറാൻ ഈ ആരോപണം ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.










0 comments