ad
Deshabhimani

ഇറാൻ യുഎസ് കരാറിലെ വിവരങ്ങൾ പുറത്ത്, അന്തിമവട്ട ചര്‍ച്ച ജനീവയിൽ, ധാരണാ പത്രം 19 ന് ഒപ്പുവെക്കും

6n0
വെബ് ഡെസ്ക്

Published on Jun 17, 2026, 03:11 PM | 4 min read

ജനീവ: ഫെബ്രുവരിയിൽ പൊട്ടിപ്പുറപ്പെട്ട അമേരിക്ക - ഇറാൻ യുദ്ധത്തിന് വിരാമമിട്ട് പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ നിര്‍ണായക ഘട്ടത്തിലേക്ക്. ലോകം ഉറ്റുനോക്കുന്ന യു.എസ്-ഇറാൻ സംയുക്ത ധാരണാപത്രം ജൂൺ 19-ന് ജനീവയിൽ ഒപ്പുവെക്കും. ഇതിനിടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ 14 ഇന രഹസ്യ ചട്ടക്കൂട് കരാറിന്റെ വിവരങ്ങൾ പുറത്തെത്തി. സൗദി മാധ്യമമായ 'അൽ അറേബ്യ' പുറത്തുവിട്ട വിവരങ്ങൾ ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും തമ്മിലും ഇസ്രയേലുമായും നിലനിൽക്കുന്ന പല തര്‍ക്കങ്ങളിലും ഇപ്പോഴും വ്യത്യസ്ത നിലപാടുകൾ നിലനിൽക്കുന്നു.


ഇറാന്റെ പുനരധിവാസത്തിനായി അമേരിക്കയുടെ നേതൃത്വത്തിൽ 30 ലക്ഷം കോടി രൂപയിലധികം രൂപ മൂല്യം വരുന്ന പടുകൂറ്റൻ സാമ്പത്തിക പാക്കേജ് ധാരണയുടെ ഭാഗമായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അടിയന്തരമായി പിൻവലിക്കും എന്നതുൾപ്പെടെ ആശ്വാസകരമായ വ്യവസ്ഥകളും പുതിയ കരാറിലുണ്ട്. എന്നാൽ, ഇസ്രായേൽ-ലെബനൻ അതിർത്തിയിലെ തർക്കങ്ങളും ആണവ സമ്പുഷ്ടീകരണത്തെച്ചൊല്ലിയുള്ള കടുത്ത ഭിന്നതകളും ചർച്ചകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകൾ തുടരുന്നു.. ഇവ 14 ഇന വ്യവസ്ഥകളിൽ അന്തിമമാക്കിയിട്ടില്ല.


അന്തിമ കരാറിനായുള്ള ചര്‍ച്ചകൾ തുടരുന്ന 60 ദിവസത്തെ കാലയളവിൽ ഇറാന്റെ ക്രൂഡ് ഓയിൽ, ബാങ്കിംഗ് സേവനങ്ങൾ എന്നിവയ്ക്കുമേലുള്ള ഉപരോധങ്ങൾ അമേരിക്ക താൽക്കാലികമായി നീക്കും. അന്തിമ കരാർ ആകുന്നതോടെ എല്ലാ ഉപരോധങ്ങളും പൂർണ്ണമായി ഒഴിവാക്കും. ഇറാനിലേക്ക് സഹായങ്ങൾ നേരിട്ട് പണമായി നൽകില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുമ്പോൾ തങ്ങൾക്ക് ഫണ്ടുകളിലേക്ക് ഉടനടി പ്രവേശനം ലഭിക്കുമെന്നാണ് ഇറാൻ വാദിക്കുന്നത്.


ഹോർമുസ് കടലിടുക്കിലെ

തര്‍ക്കം തീരുമോ


അമേരിക്ക നാവിക ഉപരോധം ഉടനടി പിൻവലിക്കുന്നതോടെ, 30 ദിവസത്തിനകം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണതോതിലാക്കാൻ ഇറാൻ അനുവാദം നൽകും. കടലിടുക്കിലൂടെയുള്ള യാത്ര പൂർണ്ണമായും ടോൾ രഹിതമായിരിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നു. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിനും മറ്റ് സേവനങ്ങൾക്കുമായി കപ്പലുകൾ പണം നൽകേണ്ടിവരുമെന്നാണ് ഇറാന്റെ നിലപാട്. ഇതിനായി യുദ്ധത്തിനിടയിൽ ഒരു പ്രത്യേക അതോറിറ്റി തന്നെ ഇറാൻ പ്രഖ്യാപിച്ചിരുന്നു.


ആണവ തർക്കവും

സൈനിക പിന്മാറ്റവും


തങ്ങൾ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നു. ഇറാനിൽ 'പൂജ്യം സമ്പുഷ്ടീകരണം' ഉറപ്പാക്കണം എന്നാണ് ട്രംപിന്റെ ആവശ്യം. ഊര്‍ജ ആവശ്യത്തിനുള്ള ആണവ സമ്പുഷ്ടീകരണം തങ്ങളുടെ അവകാശമാണെന്ന് ഇറാൻ വാദിക്കുന്നു.


അറുപത് ദിവസത്തിന് ശേഷം അന്തിമ കരാർ ഒപ്പിട്ട് 30 ദിവസത്തിനകം ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് യു എസ് സൈന്യത്തെ പിൻവലിക്കുമെന്നും കരാറിലുണ്ട്. യുദ്ധം ആരംഭിച്ചപ്പോൾ ഇറാനിൽ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്താണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്തിന് മുന്നിൽ എത്തിയത്. ഇസ്രയേലുമായി ചേര്‍ന്ന രാജ്യത്തെ പരമോന്നത നേതൃത്വത്തെ ഓരോരുത്തരെയായി ലക്ഷ്യം വെച്ച് ഉന്മൂലനം ചെയ്തു.


എന്നാൽ ഇപ്പോൾ തനിക്ക് ഇറാനിലെ ഭരണ മാറ്റത്തിൽ താൽപ്പര്യമില്ലെന്ന് ട്രംപ് വ്യക്തമാക്കുന്നു. അപ്പോഴും ലെബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പോരാട്ടം തുടരുമെന്ന് ഹിസ്ബുള്ളയും നിലപാട് ആവര്‍ത്തിക്കുന്നു. വെടിനിർത്തലിന് ഇത് വലിയൊരു ഭീഷണിയാണ്.


2015-ലെ ആണവ കരാറിൽ നിന്ന് 2018-ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയതുപോലെയുള്ള സാഹചര്യങ്ങൾ ആവര്‍ത്തിക്കുമോ എന്ന വിശ്വാസ കുറവും യുഎസിന് നേരെയുണ്ട്. ഇതിനെതിരെ, പുതിയ അന്തിമ കരാറിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ നിയമപരമായ അംഗീകാരം ഉറപ്പാക്കുമെന്ന് ഇരുരാജ്യങ്ങളും കരാറിൽ സമ്മതിച്ചിട്ടുണ്ട്. ജൂൺ 19-ന് ധാരണാപത്രം ഒപ്പിട്ട ശേഷം, 60 ദിവസത്തിനകം അന്തിമ കരാറിലെത്താനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്.



Related News


ഉപാധികൾ എന്തൊക്കെ

'അൽ അറേബ്യ' പുറത്തു വിട്ടത്


സൗദി മാധ്യമമായ 'അൽ അറേബ്യ' പുറത്തുവിട്ട യു.എസ്-ഇറാൻ സംയുക്ത ധാരണാപത്രത്തിലെ (MoU) പ്രധാന വ്യവസ്ഥകളുടെ രൂപം


1. യുദ്ധം അവസാനിപ്പിക്കൽ ധാരണാപത്രം ഒപ്പുവെക്കുന്നതോടെ ഇറാനും അമേരിക്കയും അവരുടെ സഖ്യകക്ഷികളും എല്ലാ മുന്നണികളിലും (ലെബനൻ ഉൾപ്പെടെ) യുദ്ധം ഉടനടി ശാശ്വതമായി അവസാനിപ്പിക്കും. ഇനിമുതൽ പരസ്പരം ശത്രുതാപരമായ നീക്കങ്ങളോ സൈനിക ഭീഷണികളോ ബലപ്രയോഗങ്ങളോ നടത്തില്ലെന്ന് ഇരുപക്ഷവും ഉറപ്പുനൽകുന്നു.

2. പരമാധികാരത്തോടുള്ള ബഹുമാനം ഇറാനും അമേരിക്കയും പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുമെന്നും പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഉറപ്പുനൽകുന്നു.

3. അന്തിമ കരാറിനുള്ള സമയപരിധി പരമാവധി 60 ദിവസത്തിനകം ചർച്ചകൾ പൂർത്തിയാക്കി ഒരു അന്തിമ കരാറിലെത്താൻ ഇരുരാജ്യങ്ങളും ബാധ്യസ്ഥരാണ്. പരസ്പര സമ്മതത്തോടെ ഈ കാലാവധി നീട്ടാവുന്നതാണ്.

4. നാവിക ഉപരോധം പിൻവലിക്കൽ (യു.എസ്) ധാരണാപത്രം ഒപ്പുവെച്ചാലുടൻ അമേരിക്ക നാവിക ഉപരോധം പിൻവലിക്കുകയും ഇറാന് നേരെയുള്ള എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുകയും ചെയ്യും. പരമാവധി 30 ദിവസത്തിനകം കടലിലെ കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുണ്ടായിരുന്ന പൂർണ്ണതോതിലാക്കാൻ ആവശ്യമായ നടപടികൾ യു.എസ് സ്വീകരിക്കും.

5. യു.എസ് സൈന്യത്തിന്റെ പിന്മാറ്റം അന്തിമ കരാർ ഒപ്പിട്ട് 30 ദിവസത്തിനകം "ചുറ്റുമുള്ള പ്രദേശങ്ങളിൽ" നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്ന് അമേരിക്ക ഉറപ്പുനൽകുന്നു.

6. കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൽ (ഇറാൻ) ധാരണാപത്രം ഒപ്പുവെച്ചാലുടൻ, അറേബ്യൻ ഗൾഫിൽ നിന്ന് ഒമാൻ കടലിലേക്കും തിരിച്ചുുമുള്ള ചരക്കുകപ്പലുകളുടെ ഗതാഗതം 30 ദിവസത്തിനകം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലാക്കാൻ ഇറാൻ നടപടികൾ സ്വീകരിക്കും. കടലിലെ മൈനുകൾ നീക്കം ചെയ്യുന്നതടക്കമുള്ള സാങ്കേതിക നടപടികൾ ഇതിൽ ഉൾപ്പെടുന്നു.

7. 300 ബില്യൺ ഡോളറിന്റെ വികസന പദ്ധതി ഇറാന്റെ പുനരധിവാസത്തിനും സാമ്പത്തിക വികസനത്തിനുമായി പ്രാദേശിക പങ്കാളികളുമായി ചേർന്ന് കുറഞ്ഞത് 300 ബില്യൺ ഡോളർ (30 ലക്ഷം കോടിയിലധികം രൂപ) ഉറപ്പാക്കുന്ന ഒരു സമഗ്ര പദ്ധതി അമേരിക്ക തയാറാക്കും. ഇതിന്റെ നടത്തിപ്പ് ചുമതലകൾ 60 ദിവസത്തിനകം അന്തിമ കരാറിന്റെ ഭാഗമായി രൂപീകരിക്കും.

8. ഉപരോധങ്ങൾ പൂർണ്ണമായി നീക്കൽ ഇറാന് മേൽ നിലവിലുള്ള എല്ലാത്തരം ഉപരോധങ്ങളും (ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) പ്രമേയങ്ങൾ, യു.എസിന്റെ ഏകപക്ഷീയമായ പ്രൈമറി-സെക്കൻഡറി ഉപരോധങ്ങൾ എന്നിവ) അന്തിമ കരാറിലെ സമയക്രമം അനുസരിച്ച് പൂർണ്ണമായി പിൻവലിക്കുമെന്ന് അമേരിക്ക ഉറപ്പുനൽകുന്നു.

9. ആണവായുധ നിരോധനം തങ്ങൾ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ കരാറിൽ ആവർത്തിച്ചു വ്യക്തമാക്കുന്നു.

10. ആണവ തർക്ക പരിഹാരം നിലവിൽ സമ്പുഷ്ടീകരിച്ച ആണവ സാമഗ്രികളുടെ ഭാവിയും ഇറാന്റെ ആണവ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് തർക്കവിഷയങ്ങളും അന്തിമ കരാറിൽ വ്യക്തമായി പ്രതിപാദിക്കും.

11. തൽസ്ഥിതി തുടരൽ (Status Quo) അന്തിമ കരാർ ആകുന്നതുവരെ ഇരുരാജ്യങ്ങളും നിലവിലെ അവസ്ഥ തുടരും. അതായത്, ഇറാൻ തങ്ങളുടെ ആണവ പദ്ധതികളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തില്ല; അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയോ മേഖലയിൽ സൈനിക ശക്തി വർദ്ധിപ്പിക്കുകയോ ഇല്ല.

12. ഉപരോധങ്ങളിൽ ഇളവുകൾ ധാരണാപത്രം ഒപ്പുവെച്ചത് മുതൽ ഉപരോധങ്ങൾ പൂർണ്ണമായി നീക്കുന്നതുവരെയുള്ള കാലയളവിൽ ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, ബാങ്കിംഗ്, ഇൻഷുറൻസ്, ഗതാഗതം എന്നിവയ്ക്ക് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പ്രത്യേക ഇളവുകൾ (Waivers) അനുവദിക്കും.

13. മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകൽ ചർച്ചകളുടെ പുരോഗതി വിലയിരുത്തി, ഇറാന്റെ മരവിപ്പിച്ച മുഴുവൻ ഫണ്ടുകളും ആസ്തികളും യു.എസ് വിട്ടുനൽകും. സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ നിർദ്ദേശിക്കുന്ന രീതിയിൽ ഏത് ആവശ്യത്തിനും ഈ പണം പൂർണ്ണമായി ഉപയോഗിക്കാം. ഇതിനാവശ്യമായ ലൈസൻസുകളും പെർമിറ്റുകളും അമേരിക്ക നൽകും.

14. മേൽനോട്ട സമിതിയും യു.എൻ അംഗീകാരവും അന്തിമ കരാറിന്റെ വിജയകരമായ നടത്തിപ്പ് നിരീക്ഷിക്കാൻ ഒരു പ്രത്യേക സംവിധാനം രൂപീകരിക്കും. ഈ ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകളിൽ വ്യക്തത വന്നശേഷം ബാക്കി കാര്യങ്ങളിൽ മാത്രമായിരിക്കും ഇരുപക്ഷവും തുടർചർച്ചകൾ നടത്തുക. പുതിയ അന്തിമ കരാറിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ (UNSC) നിയമപരമായ അംഗീകാരം ഉറപ്പാക്കുമെന്നും ഇരുരാജ്യങ്ങളും സമ്മതിക്കുന്നു.


നേരത്തെ വെടിനിര്‍ത്തൽ പ്രഖ്യാപിച്ച ഘട്ടത്തിലും 14 ഇന ചട്ടക്കൂടാണ് ചര്‍ച്ചകളിൽ ഉണ്ടായിരുന്നത്. എന്നാൽ ആ രണ്ട് ഘട്ടത്തിലും യു എസും ഇറാനും ഒരേ പോലെ കടുത്ത നിലപാടുകളിൽ ആയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home