അമേരിക്കയിൽ ഇറാൻ കളിക്കളത്തിലിറങ്ങും; ലോകകപ്പ് ഷെഡ്യൂളിൽ മാറ്റമില്ലെന്ന് ഫിഫ പ്രസിഡന്റ്

Credits: Picture from X
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘര്‍ഷം കൂടുതൽ രൂക്ഷമാവുന്നതിനിടെ അനിശ്ചിതത്വത്തിലായ ഇറാന്റെ ലോകകപ്പ് ഫുട്ബോൾ പങ്കാളിത്തം ഉറപ്പിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. വരാനിരിക്കുന്ന ലോകകപ്പിൽ ഇറാൻ "തീർച്ചയായും" പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ആതിഥ്യം വഹിക്കുന്ന ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കകൾ നിലനിന്നിരുന്നു.
"ഇറാൻ ഉറപ്പായും വരുന്നുണ്ട്. ആ സമയമാകുമ്പോഴേക്ക് സമാധാനപരമായ അന്തരീക്ഷം നിലവിൽ വരുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. അവർ യോഗ്യത നേടിയവരാണ്, അവിടുത്തെ ജനതയെയാണ് അവർ പ്രതിനിധീകരിക്കുന്നത്. അവർക്ക് അതിനുള്ള അവകാശവുമുണ്ട്." എന്നായിരുന്നു ജിയാനിയുടെ വാക്കുകൾ.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി ജൂൺ 11-നാണ് ലോകകപ്പ് മാമാങ്കത്തിന് തുടക്കമാകുന്നത്. ജൂണിൽ അമേരിക്കയിലാണ് ഇറാന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കേണ്ടത്. രാജ്യങ്ങൾക്കിടയിൽ പാലങ്ങൾ പണിയാനാണ് ഇത്തരം മത്സരങ്ങൾ എന്ന് ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.
യോഗ്യത നേടിയ എല്ലാ ടീമുകൾക്കും സുരക്ഷിതമായി പങ്കെടുക്കാനുള്ള സൗകര്യമൊരുക്കും. യുദ്ധം കാരണം ഇറാന്റെ മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും ഫിഫ അത് തള്ളിക്കളഞ്ഞു. ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമായി നിശ്ചയിച്ച മത്സരങ്ങളിൽ ഇറാൻ മാറ്റമില്ലാതെ പങ്കെടുക്കുമെന്ന് ആവര്‍ത്തിച്ചു.










0 comments