യുഎസ് ഉപരോധം മറികടന്ന് ഇറാനിയൻ കപ്പൽ 'ഹ്യൂജ്'

പ്രതീകാത്മക എഐ ചിത്രം
തെഹ്റാൻ : അമേരിക്കൻ നാവികസേനയുടെ ഉപരോധം മറികടന്ന് ഏഷ്യ പസഫിക് മേഖലയിലെത്തി ഇറാന്റെ കൂറ്റൻ കപ്പൽ 'ഹ്യൂജ്'. കപ്പലിൽ 1.9 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുണ്ട്. നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടേതാണ് ഈ കപ്പലെന്ന് ടാങ്കർ ട്രാക്കേഴ്സ് റിപ്പോർട്ട് ചെയ്തു. ഏകദേശം 220 ദശലക്ഷം ഡോളർ മൂല്യമുള്ള എണ്ണയാണ് ഈ കപ്പലിലുള്ളത്.
ഒരാഴ്ച മുൻപ് ശ്രീലങ്കൻ തീരത്തിന് സമീപമാണ് ഇതിനെ അവസാനമായി കണ്ടതെന്നും നിലവിൽ ഇൻഡോനേഷ്യയിലെ ലോംബോക്ക് കടലിടുക്ക് വഴി റിയാവു ദ്വീപസമൂഹത്തിലേക്ക് കപ്പൽ നീങ്ങുകയാണെന്നും ടാങ്കർ ട്രാക്കേഴ്സ് അറിയിച്ചു. ഏപ്രിൽ 13ന് അമേരിക്ക ഇറാന്റെ തുറമുഖങ്ങളിൽ ഉപരോധം പ്രഖ്യാപിച്ച സമയത്ത് 'ഹ്യൂജ്' ഇറാന്റെ ജലാതിർത്തിയിൽ ഉണ്ടായിരുന്നു.
മാർച്ച് 20ന് മലാക്ക കടലിടുക്കിൽ നിന്ന് ഇറാനിലേക്ക് പുറപ്പെട്ട ശേഷം കപ്പൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 29ലെ ഇറാന്റെ ഔദ്യോഗിക കണക്കനുസരിച്ച് 52 ഇറാനിയൻ കപ്പലുകൾ യുഎസ് ഉപരോധം ലംഘിച്ചിട്ടുണ്ട്. ഉപരോധം തുടങ്ങിയ ശേഷം ഇറാനുമായി ബന്ധമുള്ള 41 കപ്പലുകളെ തിരിച്ചയച്ചതായി യുഎസ് സൈന്യവും അവകാശപ്പെടുന്നു.
ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിലൂടെ അവർക്ക് കോടിക്കണക്കിന് വരുമാന നഷ്ടം ഉണ്ടാക്കാൻ ഉപരോധത്തിന് സാധിക്കും. എണ്ണ സൂക്ഷിക്കാനുള്ള സംഭരണികൾ നിറയുന്നതോടെ ഇറാൻ ഉൽപ്പാദനം നിർത്താൻ നിർബന്ധിതരാകും. ഇത്തരത്തിൽ സാമ്പത്തികമായി ഇറാനെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്.











0 comments