'ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നതുപോലെ'; ട്രംപിന്റെ സമാധാന വാദങ്ങളെ പരിഹസിച്ച് ഇറാൻ

മോജ്തബ ഖമനേയി (ഇടത്), ഡോണൾഡ് ട്രംപ് (വലത്)
തെഹ്‌റാൻ: ഇറാനുമായി സമാധാന കരാറിലെത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ. ട്രംപിന്റെ പ്രസ്താവനകൾ വെറും ആകാശക്കോട്ടകൾ മാത്രമാണെന്നും യാഥാർത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐആർഐബി (IRIB) വ്യക്തമാക്കി.
"ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ചിലസമയത്ത് അത് വിഴുങ്ങുന്നതായിട്ട്, ചിലപ്പോൾ അത് ഓരോന്നായി തിന്നുന്നതായിട്ട്" എന്ന പ്രശസ്തമായ പേർഷ്യൻ പഴഞ്ചൊല്ല് പങ്കുവെച്ചാണ് ഇറാൻ ട്രംപിനെ ട്രോളിയത്. അസാധ്യമായ കാര്യങ്ങൾ നടക്കുമെന്ന് വ്യാമോഹിക്കുന്നവരെ സൂചിപ്പിക്കാനാണ് ഈ പഴഞ്ചൊല്ല് ഉപയോഗിക്കുന്നത്.
ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് ഈ പ്രതികരണം. സമാധാന കരാർ ഉണ്ടായാൽ അമേരിക്കയ്ക്ക് സൗജന്യമായി എണ്ണ നൽകുമെന്നും ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
എന്നാൽ, കഴിഞ്ഞ ആഴ്ച ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ട്രംപിന്റേത് വെറും രാഷ്ട്രീയ ഗീർവാണങ്ങൾ മാത്രമാണെന്നാണ് ഇറാൻ പക്ഷം. യുറേനിയം സമ്പുഷ്ടീകരണ വിഷയത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും അമേരിക്കയുടെ അമിതമായ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.











0 comments