പശ്ചിമേഷ്യൻ സംഘർഷം: യുഎസ് ആക്രമണത്തിൽ 6 നാവികസേനാംഗങ്ങൾ കൊല്ലപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസി

തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇറാൻ നാവികസേനയിലെ ആറ് പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാജ്യത്തിന്റെ തെക്കൻ മേഖലയിൽ യുഎസ് നടത്തിയ ശക്തമായ ബോംബാക്രമണങ്ങളിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണ പരമ്പരയിൽ ആകെ 19 ഇറാനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിലും കെർമാൻഷാ പ്രവിശ്യയിൽ വിപ്ലവ ഗാർഡിലും ഇറാനികൾ കൊല്ലപ്പെട്ടു. പേർഷ്യൻ ഉൾക്കടലിലെ ലാവൻ ദ്വീപിൽ മൂന്ന് പാരാമിലിറ്ററി അംഗങ്ങളും ഫാഴ്സ് പ്രവിശ്യയിൽ ഒരാളും കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി കുവൈറ്റ്, ജോർദാൻ, യുഎഇ, ബഹ്‌റൈൻ, ഇറാഖിലെ കുർദിസ്ഥാൻ മേഖല എന്നിവിടങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ആറുമാസമായി തുടരുന്ന യുദ്ധത്തിനിടയിൽ "എപ്പോൾ വേണമെങ്കിലും ഇറാന് നേരെ ആക്രമണം നടത്താൻ ഞങ്ങൾക്ക് സാധിക്കും" എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.










0 comments