അമേരിക്കയുടെ ബി-2 സ്റ്റെൽത്ത് ബോംബറുകൾ മേഖലയിലേക്ക്‌ , ഇസ്രയേൽ ആക്രമണം തുടരുമ്പോൾ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

ദീർഘയുദ്ധത്തിന് ഇസ്രയേൽ ; ഇറാന്റെ 
ആണവ 
ഗവേഷണകേന്ദ്രം 
ആക്രമിച്ചു

iran israel war
വെബ് ഡെസ്ക്

Published on Jun 22, 2025, 03:34 AM | 1 min read

ടെൽ അവീവ്/തെഹ്‌റാൻ

ഇറാനെതിരായ സൈനിക നടപടി ഉടൻ അവസാനിപ്പിക്കില്ലെന്ന്‌ വ്യക്തമാക്കി ദീർഘയുദ്ധത്തിന്‌ തയ്യാറെടുത്ത് ഇസ്രയേൽ. ലക്ഷ്യങ്ങൾ നേടുന്നതിനുള്ള നീണ്ട പ്രവർത്തനത്തിന്‌ സജ്ജരാകാൻ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ സൈന്യത്തിന്‌ നിർദേശം നൽകി. ഭീഷണി ഇല്ലാതാക്കാൻ ആവശ്യമുള്ളിടത്തോളം കാലം ഇറാനിൽ സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.


ഒമ്പതാംദിവസവും സംഘർഷം തുടരവേ മിസോറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽനിന്ന് അമേരിക്കയുടെ പടുകൂറ്റന്‍ ബി-2 സ്റ്റെൽത്ത് ബോംബര്‍ വിമാനങ്ങള്‍ മേഖലയിലേക്ക്‌ പുറപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തു. ശനിയാഴ്‌ച ഇറാനിലെ ഇസ്‌ഫഹാനിലെ പർവതപ്രദേശത്തുള്ള ആണവ ഗവേഷണ കേന്ദ്രം ഇസ്രയേൽ ആക്രമിച്ചു. കേന്ദ്രത്തിന് നാശനഷ്‌ടങ്ങളുണ്ടായതായി പ്രവിശ്യയിലെ സുരക്ഷാകാര്യ ഡെപ്യൂട്ടി ഗവർണർ അക്ബർ സലേഹി സ്ഥിരീകരിച്ചു. മൂന്ന് മുതിർന്ന കമാൻഡർമാരെ കൊലപ്പെടുത്തിയതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.


അതേസമയം, ഇറാൻ ഇസ്രയേലിനുനേരെ ഡ്രോണുകളും മിസൈലുകളും വർഷിച്ച്‌ കനത്ത നാശമുണ്ടാക്കി. എന്നാൽ ഇറാന്റെ മിസൈൽ ലോഞ്ചറുകളിൽ 50 ശതമാനത്തിലധികം നശിപ്പിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. വടക്കൻ ഇസ്രയേലിലെ ഇരുനില കെട്ടിടത്തിൽ ഡ്രോൺ പതിച്ചു. വാഷിങ്‌ൺ ആസ്ഥാനമായ ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് 285 സാധാരണക്കാർ ഉൾപ്പെടെ 722 പേർ ഇറാനിൽ കൊല്ലപ്പെട്ടു. 450ലധികം മിസൈലുകളും ആയിരത്തിലധികം ഡ്രോണുകളും പ്രയോഗിച്ച്‌ ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിൽ 24 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ജനീവയിൽ വഴിത്തിരിവില്ല

ഇസ്രയേൽ–-ഇറാൻ സംഘർഷത്തിന്‌ അയവുവരുത്താൻ തുടക്കമിട്ട നയതന്ത്ര ചർച്ചകൾ ഫലമില്ലാതെ പിരിഞ്ഞു. യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗത്തിൽ രൂക്ഷമായ വാദപ്രതിവാദം ഉയർന്നെങ്കിലും ചർച്ച എങ്ങുമെത്തിയില്ല.


ഇറാൻ വിദേശമന്ത്രി യൂറോപ്യൻ വിദേശമന്ത്രിമാരുമായും ഇയു പ്രതിനിധികളുമായും വെള്ളിയാഴ്‌ച ജനീവയിൽ നടത്തിയ ചർച്ചകൾ നിർണായകമായ തീരുമാനമൊന്നും എടുക്കാതെ പിരിഞ്ഞു. തുടർ ചർച്ചകൾക്ക്‌ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല. ഇസ്രയേൽ ആക്രമണം തുടരുമ്പോൾ അമേരിക്കയുമായി ചർച്ച നടത്താൻ താൽപ്പര്യമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുടെ സൈനിക ഇടപെടൽ എല്ലാവർക്കും അപകടകരമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home