ad
Deshabhimani

print edition ഇറാനെ ചുട്ടെരിക്കുന്നു

iran attack by israel
വെബ് ഡെസ്ക്

Published on Mar 11, 2026, 12:00 AM | 1 min read

തെഹ്‌റാൻ: യുഎസ്‌–ഇസ്രയേൽ കടന്നാക്രമണത്തിൽ ഇറാന്റെ തന്ത്രപ്രധാനമേഖലകളിൽ കനത്ത നാശനഷ്‌ടം. തെഹ്‌റാനിലെ റിസാലത്ത് സ്‌ക്വയറിന് സമീപം സ്‌ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. ലൊറെസ്‌താൻ പ്രവിശ്യയിൽ 52 സ്‌കൂളുകൾ തകർത്തു. നാല് വിദ്യാർഥികൾ കൊല്ലപ്പെട്ടു.


ഇസ്‌ഫാനിലെ ഗവർണറുടെ ഓഫീസും യുനെസ്‌കോ പൈതൃക പട്ടികയിലുള്ള ചരിത്ര സ്‌മാരകവും ആക്രമിക്കപ്പെട്ടു. തെഹ്‌റാനിലെ ആണവ ലബോറട്ടറികൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേലി മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.


മരണം രണ്ടായിരം കവിഞ്ഞതായാണ്‌ അന‍ൗദ്യോഗിക കണക്കുകൾ. പതിനായിരത്തിലധികം പേർക്ക് പരിക്കേറ്റു. തെഹ്‌റാനിൽ മാത്രം 93 കുട്ടികളടക്കം 460 പേർ കൊല്ലപ്പെട്ടു. എണ്ണ നിലയങ്ങളിലുണ്ടായ ആക്രമണത്തെത്തുടർന്ന് വായു മലിനീകരണം രൂക്ഷമായി. പല നഗരങ്ങളിലും വൈദ്യുതിയും ഇന്റർനെറ്റും പൂർണമായി നിലച്ചു.


ഒൻപത് പ്രമുഖ ആശുപത്രികൾ പ്രവർത്തനരഹിതമായതായി. തെഹ്‌റാൻ, ഇസ്‌ഫഹാൻ, കരാജ്, അഹ്വാസ്, അരക് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ആക്രമണം തുടരുന്നു. ഇറാന്റെ 50-ലധികം കപ്പലുകൾ തകർത്തതായി യുഎസ്‌ എയർഫോഴ്സ് ജനറൽ അവകാശപ്പെട്ടു.


നഗരങ്ങളിൽനിന്ന് ജനങ്ങൾ കൂട്ടത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയാണ്. അസർബൈജാൻ ഇറാനിലേക്ക് ഭക്ഷണവും മരുന്നും മറ്റും അയക്കാൻ തുടങ്ങി. യുഎസുമായും ഇസ്രയേലുമായും ഒരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ഇറാൻ ആഗോള എണ്ണ വിതരണം തടയാൻ ശ്രമിച്ചാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് യുഎസ്‌ പ്രസിഡന്റ് ട്രംപ്‌ ഭീഷണിമുഴക്കി.


ബഹ്‌റൈനിൽ 
യുവതി കൊല്ലപ്പെട്ടു


മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലയിൽ ഇറാൻ ഡ്രോൺ ആക്രമണത്തിൽ 29 വയസുള്ള സ്വദേശി യുവതി കൊല്ലപ്പെട്ടു. ചൊവ്വാഴ്‌ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ബഹ്‌റൈനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണിത്.


സൗദിയിലെ അൽഖർജ് മേഖല ലക്ഷ്യമാക്കി വന്ന 14 ഡ്രോണുകൾ തകർത്തതായി സൗദി അറിയിച്ചു. ഖത്തറിലെ പശ്ചാത്തല സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാൻ തുടരുകയാണ്. കുവൈത്തിന്റെ വടക്ക്‌, തെക്ക്‌ മേഖലകളിലെ തന്ത്രപ്രധാനമായ ഇടങ്ങൾ ലക്ഷ്യമാക്കി വന്ന ആറ്‌ ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും തകർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home