കുവൈത്തിൽ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റലിക്കാർ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: പശ്‌ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാക്കി കുവൈത്തിൽ ഇറാൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ജർമൻ പ്രതിരോധ കമ്പനിയായ റൈൻമെറ്റലിലെ ഇറ്റലിക്കാരായ രണ്ട് ടെക്നീഷ്യന്മാർ കൊല്ലപ്പെട്ടു. കുവൈത്ത് പൗരനും പാക് പൗരനും പരിക്കേറ്റു.
വ്യാഴാഴ്ച കുവൈത്ത് വ്യോമാതിർത്തിയിൽ ഇറാൻ ഡ്രോണുകളെ സൈന്യം പ്രതിരോധിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിലും അവശിഷ്ടങ്ങൾ വീണുമാണ് അപകടമുണ്ടായതെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയവും ഇറ്റലി വിദേശ മന്ത്രാലയവും സ്ഥിരീകരിച്ചു. സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാനായി ഇറ്റലി പ്രതിനിധി സംഘം കുവൈത്തിൽ എത്തിയ സമയത്താണ് സംഭവം.
ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് കുവൈത്ത് വിദേശ മന്ത്രാലയം പ്രതികരിച്ചു. ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി അപലപിച്ചു. മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നടപടികളുടെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്നും കുറ്റപ്പെടുത്തി.
അതേസമയം, മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായി ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം നാവിക മൈനുകളിൽ തട്ടി രണ്ട് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അറിയിച്ചു. അജ്ഞാതമായ ഡ്രോൺ പതിച്ച് മൂന്നാമതൊരു കപ്പലിനും കേടുപാടുകൾ സംഭവിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
സംഘർഷങ്ങൾക്കിടയിലും ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണെന്നും അവർ മുന്നോട്ടുവെക്കുന്ന പുതിയ നിർദേശങ്ങൾ പരിശോധിച്ചുവരികയാണെന്നും ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.








0 comments