Deshabhimani

തരിശിട്ടതുകൊണ്ടുമാത്രം നെൽവയൽ നികത്തിയ ഭൂമിയാകില്ല: ഹൈക്കോടതി

kerala highcourt

ഹൈക്കോടതി

വെബ് ഡെസ്ക്

Published on Nov 26, 2026, 10:23 PM | 1 min read

കൊച്ചി : നെൽകൃഷിക്ക് അനുയോജ്യമായ ഭൂമി കൃഷി ചെയ്യാതെ തരിശിട്ടതുകൊണ്ടുമാത്രം നികത്തിയ ഭൂമിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം നെൽകൃഷിക്ക് അനുയോജ്യമായതും എന്നാൽ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതുമായ ഭൂമിയും നെൽവയലിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കി.


ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ആലപ്പുഴ രാമങ്കരി വില്ലേജിലെ 12 ആർസ് ഭൂമി അനധികൃതമായി നികത്തിയെന്ന പരാതിയിൽ ഭൂമി പുനഃസ്ഥാപിക്കാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെതിരായ ഹർജിയും ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും പരിഗണിക്കുകയായിരുന്നു കോടതി.


ഭൂമി 2008ലെ നിയമം നിലവിൽ വരുന്നതിന് പത്തുവർഷത്തോളം മുമ്പ് നികത്തിയതാണെന്നും അവിടെ വാഴയും തെങ്ങും വളരുന്നുണ്ടെന്നും ഭൂവുടമ വാദിച്ചു. എന്നാൽ, ഭൂമി നെൽകൃഷിക്ക് അനുയോജ്യമായ പാടശേഖരത്തിന്റെ ഭാഗമാണെന്നും അനധികൃത നികത്തൽ സമീപത്തെ കൃഷിയെയും ബാധിക്കുന്നുണ്ടെന്നും എതിർഭാഗം ചൂണ്ടിക്കാട്ടി.


നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(xii) പ്രകാരം വർഷത്തിൽ ഒരിക്കലെങ്കിലും നെൽകൃഷി നടത്തുന്നതോ നെൽകൃഷിക്ക് അനുയോജ്യമായിട്ടും കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതോ ആയ ഭൂമി നെൽവയലിന്റെ പരിധിയിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ തരിശിടുന്നത് ഭൂമിയുടെ നിയമപരമായ പദവി മാറ്റുന്നില്ലെന്നും കോടതി വ്യക്തമാക്കി.


2008 ആഗസ്ത് 12ന് നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഭൂമി നികത്തിയെന്ന വാദത്തിന് മതിയായ തെളിവുകളില്ലെന്നും കോടതി കണ്ടെത്തി. 2008 മേയിൽ തന്നെ ഭൂമി നികത്താനുള്ള ശ്രമം തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതും കോടതി പരിഗണിച്ചു. നെൽകൃഷിക്കുള്ള സർക്കാർ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ഭൂവുടമ കൈപ്പറ്റിയ രേഖകളും വിധിയിൽ പരാമർശിച്ചു.


നെൽവയലുകൾ സംരക്ഷിക്കുക, അനധികൃത നികത്തൽ നിയന്ത്രിക്കുക, കൃഷിയും പരിസ്ഥിതിയും സംരക്ഷിക്കുക എന്നിവയാണ് 2008ലെ നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി ഓർമിപ്പിച്ചു. ഇതോടെ ഭൂമി പുനഃസ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഉത്തരവ് ചോദ്യം ചെയ്ത ഭൂവുടമയുടെ ഹർജി തള്ളിയ കോടതി, നികത്തിയ നെൽവയൽ പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് നിർദേശിച്ചു. പുനഃസ്ഥാപന ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അനുവദിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home