ad
Deshabhimani

ഞങ്ങൾ രാഷ്ട്രീയക്കാരല്ല, ജനങ്ങൾക്ക് സന്തോഷം നൽകാൻ വന്നവർ'; കടുത്ത നയതന്ത്ര തർക്കങ്ങൾക്കിടയിലും മനസ്സ് തുറന്ന് ഇറാൻ കോച്ച്

iran team pc

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 15, 2026, 03:11 PM | 2 min read

ലോസ് ഏഞ്ചൽസ്: യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള കടുത്ത രാഷ്ട്രീയ സംഘർഷങ്ങളും വിസ പ്രതിസന്ധികളും ലോകകപ്പിനായുള്ള ഇറാന്റെ മുന്നൊരുക്കങ്ങളെ സാരമായി ബാധിച്ചതായി മുഖ്യപരിശീലകൻ അമീർ ഗാലെനോയി. എങ്കിലും പുറത്തുനിന്നുള്ള യാതൊരുവിധ സമ്മർദ്ദങ്ങൾക്കും തങ്ങളുടെ കളിക്കാർ ചെവികൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനുമായി സൈനികപരമായ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ്, ഇറാന്റെ സപ്പോർട്ട് സ്റ്റാഫിലെ ചില അംഗങ്ങൾക്ക് വിസ നിഷേധിച്ചതിനെത്തുടർന്ന് കടുത്ത നയതന്ത്ര തർക്കങ്ങളുടെ നിഴലിലാണ് ടീം ലോകകപ്പിനെത്തിയിരിക്കുന്നത്.


ചെവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 6 :30 നാണു ലോസ് ഏഞ്ചലസിൽ ന്യൂസിലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. ചരിത്രത്തിലാദ്യമായാണ് ഒരു ലോകകപ്പ് ആതിഥേയ രാജ്യം തങ്ങളുമായി സംഘർഷം നിലനിൽക്കുന്ന മറ്റൊരു രാജ്യത്തിന്റെ മത്സരത്തിന് വേദിയാകുന്നത്.


ഫുട്ബോളും രാഷ്ട്രീയവും രണ്ടാണ്; സമാധാനം ലക്ഷ്യമെന്ന് പരിശീലകൻ


തങ്ങൾ ഇവിടെയെത്തിയത് മികച്ചതും ഗുണമേന്മയുള്ളതുമായ കളി പുറത്തെടുക്കാൻ മാത്രമാണെന്നും ചുറ്റും നടക്കുന്ന വിവാദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും വാർത്താ ഏജൻസിയായ എഎഫ്പിയുടെ ചോദ്യത്തിന് മറുപടിയായി ഗാലെനോയി പറഞ്ഞു.


എല്ലാ രാജ്യങ്ങളിലും ഫുട്ബോളുമായി ബന്ധമില്ലാത്ത പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ടെന്നും, തങ്ങൾ രാഷ്ട്രീയക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോളും രാഷ്ട്രീയവും വേറിട്ടുനിൽക്കുന്ന ഒന്നാണ്. ലോകമെമ്പാടുമുള്ള ഇറാൻ ജനതയെ പ്രതിനിധീകരിക്കാൻ മാത്രമാണ് തങ്ങൾ ഇവിടെയെത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


കൗതുകകരമെന്നു പറയട്ടെ, എല്ലാ മുന്നണികളിലെയും സൈനിക നടപടികൾക്ക് ഉടനടി ശാശ്വത പരിഹാരം കാണുന്ന യു.എസ്-ഇറാൻ സമാധാന കരാർ പ്രഖ്യാപിച്ച് വെറും ഒരു മണിക്കൂറിന് ശേഷമാണ് ഈ വാർത്താ സമ്മേളനം നടന്നത്.


വിസ വിലക്കിൽ വലഞ്ഞ് മറ്റ് രാജ്യങ്ങളും


യു.എസ്, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ബാധിച്ചത് ഇറാന് മാത്രമല്ലെന്ന് സൂപ്പർ സ്ട്രൈക്കർ മെഹ്ദി താരെമി ചൂണ്ടിക്കാട്ടി. സോമാലിയൻ റഫറി ഒമർ അർതാനും നിരവധി ആരാധകർക്കും യുഎസ് പ്രവേശനം നിഷേധിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.


ഇത്തരം സംഘർഷങ്ങൾ ലോകകപ്പ് നൽകുന്ന സന്തോഷത്തെയും ഫുട്ബോളിലൂടെ സമാധാനം എന്ന ഫിഫയുടെ സന്ദേശത്തെയും തകർക്കുന്നതാണെന്നും ടൂർണമെന്റിലുടനീളം ഈ അസ്വസ്ഥത തങ്ങൾ അനുഭവിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.


മുന്നൊരുക്കങ്ങൾ പാളി; ക്യാമ്പ് രണ്ടുതവണ മാറ്റി


യഥാർത്ഥത്തിൽ യുഎസിൽ നടത്താനിരുന്ന ഇറാന്റെ പരിശീലന ക്യാമ്പ് അവസാന നിമിഷമാണ് മെക്സിക്കോയിലെ തിജുവാനയിലേക്ക് മാറ്റേണ്ടി വന്നത്. ക്യാമ്പ് രണ്ടുതവണ മാറ്റേണ്ടി വന്നതിനാൽ ടീമിന് കൃത്യസമയത്ത് എത്തിച്ചേരാനോ കാലാവസ്ഥയുമായി പൊരുത്തപ്പെടാനോ കഴിഞ്ഞിട്ടില്ലെന്നും ഇത് പ്രകടനത്തെ ബാധിച്ചേക്കാമെന്നും പരിശീലകൻ പറഞ്ഞു.


എങ്കിലും പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുന്നവരാണ് ഇറാനികളെന്നും ജനങ്ങൾക്ക് സന്തോഷം നൽകാൻ കളിക്കാർ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇറാൻ ഉൾപ്പെടുന്ന ഗ്രൂപ്പ് ജി-യിൽ ബെൽജിയം, ഈജിപ്ത്,ന്യൂസീലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home