കെഎസ്ആർടിസി ബസ്സുകൾ വാങ്ങിയതിൽ അഴിമതിയെന്ന പ്രചാരണം വ്യാജം: കെ ബി ഗണേഷ് കുമാർ

മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തനിക്കെതിരെ ചില മാധ്യമങ്ങൾ ബോധപൂർവം വ്യാജരേഖകൾ ചമച്ച് കുപ്രചാരണം നടത്തുകയാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകളിൽ പറയുന്ന ഒരു കണക്കുപോലും വസ്തുതാപരമല്ലെന്ന് കണക്കുകൾ നിരത്തി ഗണേഷ് കുമാർ വ്യക്തമാക്കി. നാലുകോടി രൂപയുടെ നഷ്ടം വരുത്തിവച്ചു എന്ന മാധ്യമങ്ങളുടെ വാദം തെറ്റാണ്. യഥാർത്ഥത്തിൽ മൂന്ന് കോടിയോളം രൂപയുടെ ലാഭമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. വാർത്തയിൽ കാണിച്ച തരത്തിലുള്ള ഒരു രേഖയും കെഎസ്ആർടിസിയിൽ നിലവിലില്ല.
കണിശമായ ടെൻഡർ നടപടികളിലൂടെ, ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്കാണ് കരാർ നൽകിയത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യാതൊരുവിധ അഴിമതിയും നടന്നിട്ടില്ല."ഈ വിഷയത്തിൽ സിബിഐ അന്വേഷണം വന്നാലും എനിക്ക് സന്തോഷമേയുള്ളൂ. കെഎസ്ആർടിസി ഒരിക്കലും നൽകാത്ത തുക രേഖപ്പെടുത്തി എങ്ങനെയാണ് ഇത്തരമൊരു വ്യാജരേഖ ചമച്ചതെന്ന് പുറത്തുവരണം. തെറ്റായ വാർത്ത നൽകിയ ചാനൽ ജനങ്ങളോട് പരസ്യമായി ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണം"- കെ ബി ഗണേഷ് കുമാർ പറഞ്ഞു.
സീറോ ടിക്കറ്റ് എടുത്തവർക്ക് ഇൻഷുറൻസ് കിട്ടുമോ
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറിയിലെ സീറോ ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം പറ്റിയാൽ ഇൻഷുറൻസ് കിട്ടുമോ എന്ന് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇൗ വിഷയം പരിശോധിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സീറോ ടിക്കറ്റുള്ളവർക്ക് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ലഭിക്കില്ല എന്നൊരു സംശയമുണ്ട്. ഇൻഷുറൻസ് ലഭിക്കാനുള്ള ക്രമീകരണം സർക്കാർ ഉറപ്പുവരുത്തണം. സൗജന്യയാത്രയിൽ വിദ്യാർഥികളുടെ കാര്യത്തിൽ ആൺ-–പെൺ വ്യത്യാസം പാടില്ല. ആൺകുട്ടികൾക്കും സൗജന്യയാത്ര നടത്താനാകണം. ഓർഡിനറി ബസുകൾ, സിറ്റി ഫാസ്റ്റ് ബസുകളാക്കിയെന്ന ആക്ഷേപവും പരിശോധിക്കണമെന്ന് ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments