ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; പ്രതികാരം ചെയ്യുമെന്ന് മൊജ്തബ ഖമ്നേയി

പ്രതീകാത്മക എഐ ചിത്രം
തെഹ്റാൻ : അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർത്തതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഇതോടെ അമേരിക്കയുമായി നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണമായും പ്രതിസന്ധിയിലായി. എന്നാൽ ഇറാൻ ജലപാത അടച്ചതിനെക്കുറിച്ചോ നിലവിലെ സാഹചര്യത്തെക്കുറിച്ചോ പ്രതികരിക്കാൻ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല.
ഹോർമുസ് പ്രതിസന്ധി ചർച്ച ചെയ്യാൻ ഇറാന്റെയും ഒമാന്റെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനമുണ്ടായത്. മണിക്കൂറുകൾക്ക് ശേഷം ഇസ്രയേൽ-യുഎസ് സഖ്യം കൊലപ്പെടുത്തിയ തന്റെ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പുതിയ പരമാധികാര നേതാവുമായ മൊജ്തബ ഖമ്നേയി പ്രതിജ്ഞയെടുത്തു. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മൊജ്തബ ഖമ്നേയി പരസ്യമായി രംഗത്തെത്തുന്നത്. ഇതിന് പിന്നാലെ ഇറാൻ വധശ്രമത്തിന് മുതിർന്നാൽ ആയിരക്കണക്കിന് മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കി.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ സംബന്ധിച്ച് സാങ്കേതിക-രാഷ്ട്രീയ തലങ്ങളിൽ ചർച്ചകൾ തുടരാൻ ഒമാനും ഇറാനും സമ്മതിച്ചിട്ടുണ്ട്. കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അനുയോജ്യമായ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. പതിറ്റാണ്ടുകളായി ലോകരാജ്യങ്ങൾ ഹോർമുസ് കടലിടുക്കിനെ ഒരു അന്താരാഷ്ട്ര ജലപാതയായാണ് പരിഗണിക്കുന്നത്. എന്നാൽ യുദ്ധം ആരംഭിച്ചതുമുതൽ ഈ പാത തങ്ങളുടെ പൂണ്ണ നിയന്ത്രണത്തിലായിരിക്കണമെന്നും ഇതിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കാൻ തങ്ങൾക്ക് അനുവാദമുണ്ടെന്നുമാണ് ഇറാന്റെ വാദം. നിലവിൽ ഒമാന്റെ അതിർത്തിക്കുള്ളിലൂടെയുള്ള തെക്കൻ പാത ഉപയോഗിക്കാനാണ് അമേരിക്ക കപ്പലുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഹോർമുസിന്റെ അധികാരം കൈയടക്കി പശ്ചിമേഷ്യയെ സാമ്രാജ്യത്വത്തിന് കീഴിൽ കൊണ്ടുവരികയാണ് അമേരിക്കയുടെ ലക്ഷ്യം.
യുദ്ധത്തിന് മുൻപ് ലോകത്തിലെ എണ്ണ-പ്രകൃതി വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്തിരുന്ന പാതയാണിത്. യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ കടന്നാക്രമണത്തിന് പ്രതികരിച്ചു കൊണ്ടാണ് ഇറാൻ ഹോർമുസ് അടച്ചിട്ടത്. യുദ്ധസമയത്ത് ബാരലിന് 120 യുഎസ് ഡോളർ വരെ ഉയർന്ന എണ്ണവില പിന്നീട് കുറഞ്ഞിരുന്നു. യുഎസ് ഡോളറിൽ അസംസ്‌കൃത എണ്ണ വിൽക്കാൻ നൽകിയിരുന്ന ഇളവുകൾ അമേരിക്ക റദ്ദാക്കിയതാണ് താൽക്കാലിക കരാർ തകരാൻ കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ നടപടിയെന്നാണ് അമേരിക്കയുടെ വാദം.
ഇറാനിലെ തീവ്രനിലപാടുകാരായ ഒരു വിഭാഗമാണ് വെടിനിർത്തൽ കരാർ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. എന്നാൽ പുതിയ നേതാവിന് കീഴിൽ തങ്ങൾ ഒന്നിച്ച് മുന്നോട്ട് പോകുകയാണെന്ന് ഇറാൻ വ്യക്തമാക്കി. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇറാനിലെ ആറ് നഗരങ്ങളിലായി അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 115 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസൈൻ കെർമാൻപൂർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച യുഎസ് ആക്രമണം അവസാനിപ്പിച്ച ശേഷവും ഇറാനിൽ ചില സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കാത്തതിനാൽ തങ്ങൾക്ക് നേരെ ഇനി ആക്രമണം ഉണ്ടാകാതിരിക്കാൻ ഗൾഫ് അറബ് രാജ്യങ്ങൾ നടത്തിയ പ്രതിരോധ ആക്രമണങ്ങളാകാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.










0 comments