മണിപ്പൂരിൽ വീടുകൾക്ക് തീയിട്ടു; ഗ്രാമത്തലവൻ അടക്കം രണ്ട് പേർ അറസ്റ്റിൽ

അക്രമികൾ തീയിട്ട മണിപ്പൂരിലെ ലെയ്‌മാഖോങ്ങിന് സമീപമുള്ള മൈതേയ് വിഭാഗത്തിന്റെ ഒഴിഞ്ഞുകിടന്ന വീടുകൾ
ഇംഫാൽ: മണിപ്പൂരിലെ ലെയ്‌മാഖോങ്ങിന് സമീപം മൈതേയ് വിഭാഗത്തിന്റെ ഒഴിഞ്ഞുകിടന്ന വീടുകൾക്ക് തീയിട്ട സംഭവത്തിൽ ഗ്രാമത്തലവൻ അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹെങ്‌ജാങ് ഗ്രാമത്തലവനും ലെയ്‌മാഖോങ് ഏരിയ പ്രൊട്ടക്ഷൻ കമ്മിറ്റി ചെയർമാനുമായ കമ്മാങ് ലഹൂവുമിനെ (65), പാഗിൻ ഹാങ്ഷിങ് (30) എന്നിവരെയാണ് സംസ്ഥാന പൊലീസും കേന്ദ്ര സേനയും ചേർന്നുള്ള സംയുക്ത സംഘം അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പങ്കാളികളായ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
സംഭവത്തിന് പിന്നാലെ കാന്റോ സബാൽ പ്രദേശത്ത് മറ്റൊരു വിഭാഗം അനധികൃതമായി സ്ഥാപിച്ച തടസ്സങ്ങൾക്ക് നേരെ അറുന്നൂറോളം വരുന്ന ജനക്കൂട്ടം മാർച്ച് ചെയ്തത് വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു. എന്നാൽ സൈന്യവും പൊലീസും സമയബന്ധിതമായി ഇടപെട്ട് ഇരുവിഭാഗങ്ങളെയും മാറ്റിനിർത്തിയതിനാൽ വലിയ രീതിയിലുള്ള വംശീയ കലാപം ഒഴിവായി.
പ്രതിരോധ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനക്കൂട്ടം സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിഞ്ഞെങ്കിലും പരമാവധി ആത്മസംയമനം പാലിച്ചാണ് സൈന്യം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. 2023 മെയ് മാസത്തിലുണ്ടായ വംശീയ കലാപത്തെ തുടർന്ന് മൈതേയ് വിഭാഗക്കാർ ഉപേക്ഷിച്ചുപോയ മൂന്ന് വീടുകൾക്കാണ് അക്രമികൾ തീയിട്ടത്.










0 comments