ഹോർമൂസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കെന്ന് ഇറാൻ; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി

തെഹ്റാന്‍: ഹോർമൂസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തികച്ചും അസത്യമാണെന്നും വ്യക്തമാക്കി ഇറാൻ. ഹോർമൂസ് കടലിടുക്ക് പൂർണമായും അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന ട്രംപിന്റെ പ്രസ്താവന വ്യാജമാണെന്ന് ഇറാൻ സൈന്യം ആരോപിച്ചു.
ഇറാന്റെ വ്യക്തമായ അനുമതിയില്ലാതെ ഒരു കപ്പലിനും ഹോർമൂസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ കഴിയില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. കടലിടുക്കിലൂടെ സാധാരണ രീതിയിൽ കപ്പലുകൾ കടന്നുപോകുന്നുണ്ടെന്ന യു.എസ് വാദം പൂർണമായും വ്യാജമാണെന്നും ഇറാൻ പ്രസ്താവിച്ചു
ഇറാനെതിരെയുള്ള നാവിക ഉപരോധം അനിശ്ചിതകാലത്തേക്ക് തുടരാൻ യുഎസ് സൈന്യത്തിന് സാധിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉണ്ടാക്കിയ ഇടക്കാല കരാറിലെ വ്യവസ്ഥകൾ അമേരിക്ക പൂർണമായി പാലിക്കാതെ കടലിടുക്ക് തുറന്നുനൽകില്ലെന്നും അമേരിക്കയ്ക്ക് ഏകപക്ഷീയമായി കടലിടുക്ക് തുറക്കാൻ സാധിക്കില്ലെന്നും ഇറാന്റെ മുതിർന്ന സൈനിക-രാഷ്ട്രീയ ഉദ്യോഗസ്ഥൻ അറിയിച്ചു.
ട്രംപിന്റെ പ്രസ്താവനകൾ വെറും വ്യാജപ്രചാരണങ്ങളാണ്. ഇറാന്റെ അനുമതിയും മേൽനോട്ടവുമില്ലാതെ ഒരു വാണിജ്യ കപ്പലിനും ഈ വഴി സുരക്ഷിതമായി കടന്നുപോകാൻ കഴിയില്ലെന്ന് ഇറാന്റെ സുരക്ഷാ കൗൺസിൽ തലവനും വ്യക്തമാക്കി.
ലോക ഊർജ്ജ വിതരണത്തിന്റെ പ്രധാന ഗതാഗത പാതയായ ഹോർമൂസ് കടലിടുക്കിനെ ചൊല്ലി യുഎസും ഇറാാനും തമ്മിലുള്ള തർക്കവും സൈനിക സംഘർഷവും രൂക്ഷമായി തുടരുകയാണ്. ലോകത്തിലെ മൊത്തം പെട്രോളിയം, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ വിതരണത്തിന്റെ വലിയൊരു ഭാഗവും കടന്നുപോകുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്.










0 comments