ad
Deshabhimani

എടപ്പാളിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ: 2 പേർക്ക് ദാരുണാന്ത്യം

accident
വെബ് ഡെസ്ക്

Published on Aug 14, 2026, 08:14 AM | 1 min read

മലപ്പുറം: എടപ്പാൾ ടൗണിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നടത്തിയ മരണപ്പാച്ചിലിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരണപ്പെട്ടു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 8.30-ഓടെ എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിലെ മേൽപ്പാലം തുടങ്ങുന്ന ഭാഗത്താണ് അപകടമുണ്ടായത്.


തമിഴ്നാട് പുതുച്ചേരി കട്ടപ്പിലൈ മരിക്കാർ തോട്ടം തിരുമലൈരായൻപട്ടണം മാരിയപ്പൻ (53), ഒപ്പമുണ്ടായിരുന്ന മുരുകേശൻ (60) എന്നിവരാണ് മരിച്ചത്. നാട്ടുകാർ പരിക്കേറ്റവരെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും മാരിയപ്പൻ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകേശനെ വിദഗ്ദചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിജിൽ (37), ബൈക്ക് യാത്രികൻ ദിനേശൻ (63) എന്നിവർക്കാണ് പരിക്കേറ്റത്. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്, മേൽപ്പാലം ഇറങ്ങി അതിവേഗത്തിൽ ബസ് സ്റ്റോപ്പിലേക്ക് വരുന്നതിനിടെ പാലത്തിന് മുൻപിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ബസ് ഇടിക്കുകയായിരുന്നു.


തുടർന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശികളെ ഇടിച്ചുതെറിപ്പിക്കുകയും, ഇതിലൊരാളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഇടിച്ച് 50 മീറ്ററോളം ദൂരം മുന്നോട്ട് പോയശേഷമാണ് നിന്നത്. എടപ്പാൾ, കുറ്റിപ്പുറം, കുന്നംകുളം മേഖലകളിൽ സ്വകാര്യ ബസുകളുടെ അമിതവേഗത മൂലം ദിവസങ്ങൾക്കുള്ളിൽ ആറ് ജീവനുകളാണ് പൊലിഞ്ഞത്.


ബസുകളിലെ വേഗപ്പൂട്ട്, റോഡുകളിൽ അമിതവേഗത എന്നീ പരിശോധനയൊന്നും ഇപ്പോൾ നടക്കാറില്ലെന്നും സർക്കാരും എംവിഡിയും യാതൊരു നടപടിയും മരണപ്പാച്ചിലിനെതിരെ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home