പശ്ചിമേഷ്യൻ സംഘർഷം
വെടിനിർത്തൽ കരാർ പ്രതിസന്ധിയിൽ; യുഎഇക്ക് നേരെ ഇറാന്റെ വ്യോമാക്രമണം

പ്രതീകാത്മക എഐ ചിത്രം
അബുദാബി : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ വീണ്ടും യുഎഇയിൽ ആക്രമണം നടത്തി. യുഎഇയെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന കപ്പലുകൾക്ക് നേരെയും ഇറാൻ ആക്രമണശ്രമം നടത്തി. വ്യാഴാഴ്ച രാത്രി മൂന്ന് കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ നീക്കങ്ങളെ പ്രതിരോധിച്ചതായും തിരിച്ചടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും യുഎസ് സൈന്യം വ്യക്തമാക്കി. പ്രകോപനമില്ലാതെയുള്ള ആക്രമണമാണ് ഇറാൻ നടത്തിയതെന്നും എന്നാൽ തങ്ങളുടെ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ആക്രമണങ്ങൾ തുടരുന്നുണ്ടെങ്കിലും വെടിനിർത്തൽ കരാർ പൂർണമായും ഇല്ലാതായിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു. സംഘർഷം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സൈനികരെ സംരക്ഷിക്കാൻ സുസജ്ജമാണെന്നും അമേരിക്ക വ്യക്തമാക്കി.
മിസൈലുകൾ തകർക്കുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കാൻ സാധ്യതയുള്ളതിനാൽ യുഎഇയിലെ താമസക്കാർക്ക് പ്രതിരോധ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. ഇത്തരം അവശിഷ്ടങ്ങളുടെ അടുത്തേക്ക് പോകാനോ ഫോട്ടോ എടുക്കാനോ സ്പർശിക്കാനോ പാടില്ലെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
ഏപ്രിൽ 8 മുതൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാറാണ് പുതിയ സംഭവവികാസങ്ങളോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് മേഖലയിൽ യുദ്ധം ആരംഭിച്ചത്. കഴിഞ്ഞ മാസം പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നുവെങ്കിലും അന്തിമ ധാരണയിലെത്താൻ സാധിച്ചിട്ടില്ല.










0 comments