യാത്ര മുടക്കാന്‍ അമേരിക്ക; ഇറാനിയൻ എയർലൈനുകളുടെ സർവീസുകൾ തടയുമെന്ന് ഭീഷണി

തെഹ്റാൻ: അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ, ഇറാനിയൻ എയർലൈനുകളുടെ അന്താരാഷ്ട്ര സർവീസുകൾ ആഗോളതലത്തിൽ പൂർണമായും നിലയ്ക്കാൻ സാധ്യത. സെപ്റ്റംബർ 23 മുതൽ ഇറാനിയൻ എയർലൈനുകളുടെ അന്താരാഷ്ട്ര സർവീസുകൾ പൂർണമായി തടസ്സപ്പെടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി.
ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനം നൽകുക, ലാൻഡിംഗ് സേവനങ്ങൾ നൽകുക, അല്ലെങ്കിൽ ടിക്കറ്റുകൾ വിൽക്കുക എന്നിവ ചെയ്യുന്ന വിദേശ കമ്പനികളെയും വിമാനത്താവളങ്ങളെയും യുഎസ് ഡോളർ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പുറത്താക്കുമെന്നാണ് യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ മുന്നറിയിപ്പ്.
ഇതോടെ ഇറാനിയൻ എയർലൈനുകളുടെ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ഇറാഖ് വ്യക്തമാക്കുകയും ജോർജിയ, ഇറാനിയൻ വിമാനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തു. തുർക്കി സർക്കാരിന്റെ ആവശ്യപ്രകാരം ഇറാന്റെ മഹാൻ എയർ തുർക്കിയിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു.
ഇറാന്റെ വ്യോമയാന മേഖലയെ ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ ഭാഗമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. സെപ്റ്റംബർ 8ന്, 27 ഇറാനിയൻ എയർലൈനുകൾ ഉൾപ്പെടെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട 36 സ്ഥാപനങ്ങൾക്കെതിരെ യുഎസ് ട്രഷറി ഉപരോധം പ്രഖ്യാപിച്ചിരുന്നു. പുതിയ മുന്നറിയിപ്പിലൂടെ, ഇറാനിയൻ എയർലൈനുകൾക്ക് മാത്രമല്ല, അവയ്ക്ക് സേവനങ്ങൾ നൽകുന്ന വിദേശ സ്ഥാപനങ്ങൾക്കും വിമാനത്താവളങ്ങൾക്കും മേൽ അമേരിക്ക സമ്മർദം ശക്തമാക്കുകയാണ്.









0 comments