ഇന്തോനേഷ്യയിൽ മസ്കിന്റെ 'ഗ്രോക്കി'ന് സസ്പെൻഷൻ; നടപടി അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ

ജക്കാർത്ത: ഇലോൺ മസ്കിന്റെ എഐ ചാറ്റ്ബോട്ട് ഗ്രോക്കിന് താത്കാലിക നിരോധനമേർപ്പെടുത്തി ഇന്തോനേഷ്യ. എ ഐയിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ സൃഷ്ടിച്ചതോടെയാണ് ചാറ്റ്ബോട്ട് സസ്‌പെൻഡ് ചെയ്തതെന്ന് ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ കാര്യ മന്ത്രി പറഞ്ഞു. ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ലൈംഗികമായി ചിത്രീകരിക്കാൻ ഉപയോക്താക്കളെ അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. വിവരങ്ങൾ പുറത്തുവന്നതോടെ ഗ്രോക്കിന് ആഗോളതലത്തിൽ വലിയ പ്രതിഷേധം നേരിടേണ്ടി വന്നു.
ഗ്രോക്ക് സസ്പെൻഡ് ചെയ്യുന്ന ആദ്യ രാജ്യമാണ് ഇന്തോനേഷ്യ. പ്രതിഷേധത്തെത്തുടർന്ന് പണമടയ്ക്കുന്ന വരിക്കാർക്ക് മാത്രമായി മറ്റിടങ്ങളിൽ ചാറ്റ്ബോട്ടിന്റെ പ്രവർത്തനം പരിമിതപ്പെടുത്തിയിരിക്കുന്നു. വിഷയത്തിൽ വിശദീകരണം നൽകണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രതിനിധികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. ഗ്രോക്ക് എക്‌സ് അക്കൗണ്ട് ശനിയാഴ്ച വൈകുന്നേരം സജീവമായിരുന്നുവെന്ന് ജക്കാർത്തയിലെ എഎഫ്‌പി പത്രപ്രവർത്തകർ പറഞ്ഞു.
മനുഷ്യാവകാശങ്ങളുടെയും അന്തസ്സിന്റെയും ഡിജിറ്റൽ മേഖലയിലെ പൗരന്മാരുടെ സുരക്ഷയുടെയും ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.










0 comments