മുപ്പത് വർഷമായി അമേരിക്കയിൽ താമസം; ഗ്രീൻ കാർഡ് ഇന്റർവ്യൂവിൽ അനധികൃതമെന്ന് വാദം: നാടുകടത്താൻ നീക്കം

വാഷിംഗ്‌ടൺ: അമേരിക്കയിൽ മുപ്പത് വർഷത്തിലേറെയായി താമസിക്കുന്ന അറുപതുകാരിയായ ഇന്ത്യൻ വംശജയെ ഗ്രീൻ കാർഡ് ഇന്റർവ്യൂവിനിടെ അധികൃതർ കസ്റ്റഡിയിലെടുത്തു.
ഗ്രീൻ കാർഡിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്തിയ ഇവരെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കം ആരംഭിച്ചതായാണ് വിവരം.
1990-കളിൽ അമേരിക്കയിലെത്തിയ ഇവർക്ക് നിലവിൽ വാലിഡ് ആയ രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അമേരിക്കയിൽ സമാധാനപരമായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരാളെ, നിയമപരമായ പദവിക്കായി അപേക്ഷിച്ച സാഹചര്യത്തിൽ പിടികൂടിയത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ട്രംപ് ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ സംഭവം. ഇമിഗ്രേഷൻ കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ തടഞ്ഞുവെച്ചിരിക്കുന്നത്.
എന്നാൽ, ഇവരുടെ കുടുംബം ഈ ആരോപണങ്ങൾ നിഷേധിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ഇവരെ കസ്റ്റഡിയിൽ വെക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടണമെന്നും ഇവരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ രീതിയിൽ ദീർഘകാലമായി അമേരിക്കയിൽ കഴിയുന്ന നിരവധി ഇന്ത്യക്കാർ നിലവിൽ നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ട്.










0 comments